മുംബൈ: ലാൽബാഗിൽ ഗണേശോത്സവ ആഘോഷങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്കുണ്ട്. ഞായറാഴ്ച പുലർച്ചെ 2.20-ഓടെ കാലാചൗക്കിയിലെ ദത്താരം ലാഡ് മാർഗിലുള്ള കാലാചൗക്കി വിഭാഗ് സാർവജനിക ഉത്സവ് മണ്ഡലിന് സമീപമാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് വലിയ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്തായിരുന്നു അപകടം.
അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചോ ഇരയായവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ലഭ്യമായിട്ടില്ല.അപകടത്തിൽപ്പെട്ടവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മസീന ആശുപത്രിയിൽ എത്തിച്ച എട്ടുവയസ്സുകാരി രാഗിണി ഘൻശ്യാം യാദവിനെ മരിച്ച നിലയിലാണ് പ്രവേശിപ്പിച്ചത്. തിരക്ക് കാരണം ദർശനം വേണ്ടെന്നുവെച്ച് വീട്ടിലേക്ക് മടങ്ങാൻ വശങ്ങളിലെ വഴിയിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് രാഗിണിയുടെ അമ്മായി കിസ്മതി യാദവ് പറഞ്ഞു.
പന്തലിന് വെളിയിലെ കടയ്ക്ക് സമീപം തിരക്ക് കുറയാൻ നിൽക്കുമ്പോൾ അലങ്കാര ലൈറ്റുകളിൽനിന്ന് ആഘാതമേൽക്കുകയായിരുന്നു. ഒരു സുരക്ഷാ ക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിരുന്നില്ലെന്ന് അവർ ആരോപിച്ചു. പിന്നാലെ ഗ്ലോബൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു സ്ത്രീയും മരണത്തിന് കീഴടങ്ങി. കിരൺ അക്ബർ നായിക് (19), തൻവി നർഷ് ഹാൻഡെ (19), സാഹിൽ സന്ദീപ് താരെ (19), റൂഹി സിങ് (12) എന്നിവരാണ് നിലവിൽ ചികിത്സയിലുള്ളത്.




