ജക്കാർത്ത: ഇന്തോനേഷ്യയിലെ യോഗ്യക്കാർത്തയില്‍ ഡേ കെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചിരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസ് റെയ്ഡിലൂടെ പുറത്തുവന്നു. ഒരു മുൻ ജീവനക്കാരി നൽകിയ പരാതിയെത്തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ, രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെപ്പോലും കൈകാലുകൾ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. കരയാതിരിക്കാൻ കുട്ടികളുടെ വായ മൂടിക്കെട്ടുകയും, മൂന്ന് മീറ്റർ മാത്രം വീതിയുള്ള ചെറിയ മുറികളിൽ ഇരുപതോളം കുട്ടികളെ വീതം കുത്തിനിറയ്‌ക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
103 കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ പകുതിയിലധികം പേരും ഇത്തരത്തിൽ ക്രൂരമായ അവഗണനയ്‌ക്കും മർദ്ദനത്തിനും ഇരയായിട്ടുണ്ട്.കുട്ടികളുടെ ശരീരത്തിൽ പരിക്കുകൾ കണ്ട് മാതാപിതാക്കൾ ചോദിക്കുമ്പോൾ, അവർ തനിയെ വീണതാണെന്നായിരുന്നു ജീവനക്കാർ നൽകിയിരുന്ന മറുപടി. എന്നാൽ സെന്ററിൽ നിന്ന് മടങ്ങിയെത്തുന്ന കുട്ടികൾ അസാധാരണമാംവിധം വിശപ്പ് പ്രകടിപ്പിച്ചിരുന്നതായും രക്ഷിതാക്കൾ പറയുന്നു.
കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കണ്ട് വികാരാധീനരായ രക്ഷിതാക്കൾ വൻ പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡേ കെയർ പ്രിൻസിപ്പൽ, ഫൗണ്ടേഷൻ തലവൻ, കെയർ ടേക്കർമാർ ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു.
















































