തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ ആന ഇടഞ്ഞു. ശിവലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ടൗൺ ഹാൾ പരിസരത്തുനിന്ന് ഇടഞ്ഞ് ഓടിയത്. സമീപത്ത് ഉണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും ആന തകർത്തു. കൊല്ലത്ത് നിന്നെത്തിച്ച ആനയാണ് ഇടഞ്ഞത്.പ്രദേശത്തെ ചില വീടുകളുടെ ഗേറ്റുകൾക്കും ആന നാശനഷ്ടം വരുത്തിയിട്ടുണ്ട്. വഴിയിലുണ്ടായിരുന്ന ഒരു തെരുവ് പട്ടിയെ കണ്ട് ഭയന്നാണ് ആന പെട്ടെന്ന് ഇടഞ്ഞോടിയതെന്നാണ് പാപ്പാന്മാർ നൽകുന്ന പ്രാഥമിക വിശദീകരണം.
ടൗൺ ഹാൾ പരിസരത്തു നിന്നും ഓടിയ ആന നിലവിൽ ചെമ്പൂക്കാവ് മേഖലയിലേക്കാണ് നീങ്ങിയിട്ടുള്ളത്. ആനയെ നിയന്ത്രണത്തിലാക്കാൻ എലഫന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ള വിദഗ്ദ്ധ സംഘത്തെയും വനംവകുപ്പ് അധികൃതരെയും അടിയന്തിരമായി സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ ആനയെ തളക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഒടുവിലത്തെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉത്സവ സീസൺ അല്ലാത്ത ഈ സമയത്ത് എന്തിനാണ് ആനയെ നഗരത്തിലെ ഈ ജനവാസ മേഖലയിലേക്ക് എത്തിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നഗര മധ്യത്തിൽ ആന പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടർന്ന് നാട്ടുകാരും വ്യാപാരികളും കടുത്ത ആശങ്കയിലാണ്.


















































