സുരേഷ് ഗോപിയുടെ പ്രസംഗങ്ങളെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കുന്നില്ല. ആത്യന്തികമായി മനുഷ്യനായി ജീവിക്കണം, രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല എന്നാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി പ്രസംഗിച്ചത്. പ്രിയപ്പെട്ട സുരേഷ് ഗോപി താങ്കളോട് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും തൃശ്ശൂരിന്റെ എംപി ആകണമെന്നും ആവശ്യപ്പെട്ട് പൊതുജനം നിവേദനം നൽകിയിട്ടല്ലല്ലോ അങ്ങ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്? തിരഞ്ഞെടുപ്പിൽ ജയിച്ച് ഒരു മണ്ഡലത്തിന്റെ ജനപ്രതിനിധി ആകുമ്പോൾ ആയിരുന്നില്ല ഈ തിരിച്ചറിവുകൾ താങ്കൾക്ക് ലഭിക്കേണ്ടിയിരുന്നത്. താങ്കൾക്ക് വോട്ട് നൽകി വിജയിപ്പിച്ച ഒരു ജനത താങ്കളുടെ വാക്കുകൾ കേൾക്കുന്നുണ്ടെന്ന് മറന്നുപോകരുത്.
“എനിക്ക് അഭിനയം തുടരണം. എനിക്ക് കൂടുതൽ സമ്പാദിക്കണം, നിലവിൽ എന്റെ വരുമാനം പൂർണമായി നിലച്ചു” എന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രസംഗിച്ചിരുന്നു. സിനിമയിൽ സജീവമായി അഭിനയിക്കണം എന്നായിരുന്നു താങ്കളുടെ ആഗ്രഹമെങ്കിൽ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. താങ്കൾ ഇന്ന് ബിജെപി മെമ്പർഷിപ്പ് ഉള്ള സിനിമ താരമല്ല, തൃശ്ശൂരിൽ നിന്ന് സാധാരണക്കാരുടെ പ്രശ്നങ്ങളും പരാതികളും ആവശ്യങ്ങളും ലോക്സഭയിൽ എത്തിക്കാനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. രാഷ്ട്രീയത്തിൽ സജീവമാകുമ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് താങ്കൾക്ക് മുൻപേ അറിയാമായിരുന്നതല്ലേ? അതോ സഞ്ചരിക്കുന്ന വണ്ടിയിലെ എംപി എന്ന ബോർഡിലും ജനപ്രതിനിധിക്ക് ലഭിക്കുന്ന പ്രിവിലേജുകളിലും മോഹം തോന്നിയിട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നോ? വർഷങ്ങളായി ഒരു താരജീവിതം നയിച്ച താങ്കൾക്ക് വരുമാനത്തിൽ കുറവ് വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ കഴിയുന്നതാണ്. എന്നാൽ കൂടുതൽ സമ്പാദിക്കണം എന്നും സിനിമയിൽ സജീവമാകണമെന്നും ആഗ്രഹിക്കുന്ന ആളുകൾക്ക് പറ്റുന്ന പണിയല്ല സജീവ രാഷ്ട്രീയം എന്ന് താങ്കൾ തിരിച്ചറിയണം. താങ്കളുടെ തൊഴിലും താങ്കളുടെ ഉത്തരവാദിത്വങ്ങളും ഒരുപോലെ കൊണ്ടുപോകാൻ കഴിയുമ്പോഴാണ് താങ്കൾ ഒരു നല്ല രാഷ്ട്രീയക്കാരനും മെച്ചപ്പെട്ട ജനപ്രതിനിധിയും ആകുന്നത്. ഉത്തരവാദിത്വങ്ങൾ താങ്കൾക്ക് ബുദ്ധിമുട്ടായി തോന്നി തുടങ്ങുന്നു എങ്കിൽ രാഷ്ട്രീയം താങ്കളുടെ മേഖല അല്ല എന്ന് മനസ്സിലാക്കണം.
സിനിമയാണ് തനിക്കേറെ താൽപര്യമുള്ള മേഖലയെന്നും അവിടെനിന്നു മാറിനിൽക്കേണ്ടി വന്നതിനാൽ വലിയ തോതിൽ വരുമാനം നിലച്ചെന്നും തന്നെ ഒഴിവാക്കി സി. സദാനന്ദനെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് പറഞ്ഞതായി ഉള്ള വാർത്തകൾ മാധ്യമങ്ങളിൽ തലക്കെട്ടായി വരുമ്പോൾ അതു കാണുന്ന താങ്കൾക്ക് വോട്ട് ചെയ്ത തൃശ്ശൂരിലെ ഒരു വോട്ടർക്ക് എന്തുവികാരമാണ് തോന്നുക എന്ന് എപ്പോഴെങ്കിലും താങ്കൾ ചിന്തിച്ചിട്ടുണ്ടോ? കേന്ദ്രമന്ത്രി പദവി എന്നത് വലിയ ഉത്തരവാദിത്വമാണ്. ഈ രാജ്യത്തെ ഒട്ടനവധി സാധാരണക്കാരുടെ ജീവിതത്തെ വലിയ രീതിയിൽ മാറ്റിമറിക്കാൻ ശേഷിയുള്ള പദവിയിലാണ് താങ്കൾ ഇരിക്കുന്നത്, ആ പദവി താങ്കൾക്ക് ഒരു ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കിൽ താങ്കൾക്ക് ഒരു ജനപ്രതിനിധി ആകാൻ ഒരു തരത്തിലും അർഹതയില്ല എന്നുതന്നെ പറയേണ്ടിവരും. തൃശ്ശൂരിലെ ജനങ്ങൾ വോട്ടു ചെയ്തത് അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ജനപ്രതിനിധിക്ക് വേണ്ടിയാണ്, അല്ലാതെ രാഷ്ട്രീയ ഉത്തരവാദിത്വങ്ങളെ ബുദ്ധിമുട്ടായി കാണുന്ന ഒരാൾക്ക് വേണ്ടിയല്ല എന്ന് ബഹുമാനപ്പെട്ട തൃശൂർ എംപി ഇനിയെങ്കിലും തിരിച്ചറിയണം.
സിനിമയിൽ സജീവമായി അഭിനയിക്കുന്നതിനിടയിൽ കിട്ടുന്ന ഇടവേളകളിൽ ചെയ്യാൻ കഴിയുന്ന ഒരു പാർട്ട് ടൈം ജോലി അല്ല ഒരു ജനപ്രതിനിധി എന്നത്. തീർച്ചയായും ജനപ്രതിനിധികൾക്ക് ഒരു വരുമാന സ്രോതസ്സ് ഉണ്ടാകണം, അല്ലാത്തപക്ഷം അത് അഴിമതിക്ക് വഴിവയ്ക്കും. എന്നാൽ തൊഴിലിനെയും രാഷ്ട്രീയത്തെയും ഒരുപോലെ കൊണ്ടുപോവുകയാണ് ഒരു രാഷ്ട്രീയ പ്രവർത്തകൻ ചെയ്യേണ്ടത്. താരജീവിതം നയിക്കണം എന്നും കൂടുതൽ സമ്പാദിക്കണം എന്നും കരുതുന്നവർക്ക് പറ്റുന്ന ഇടമല്ല രാഷ്ട്രീയം. രാഷ്ട്രീയക്കാരനായി ജീവിക്കാൻ ആഗ്രഹം ഇല്ലാത്ത ആളുകൾ ജനപ്രതിനിധികളുടെ കസേരകളും സ്വപ്നങ്ങൾ കാണരുത്. ചുരുണ്ടു മടങ്ങിയ കടലാസിൽ പരാതിയും എഴുതി നിറകണ്ണുകളോടെ നിങ്ങളുടെ മുന്നിൽ എത്തുന്ന സാധാരണക്കാരായ മനുഷ്യരെ കേൾക്കാൻ സമയമില്ലാത്ത ആളുകൾക്ക് പറഞ്ഞിട്ടുള്ള പണിയല്ല രാഷ്ട്രീയപ്രവർത്തനം വന്നത്. തൃശൂരിലെ ജനങ്ങൾക്ക് വേണ്ടത് അവരുടെ പ്രശ്നങ്ങൾ കേൾക്കുന്ന അവരെ മനസ്സിലാക്കുന്ന ജനപ്രതിനിധിയാണ്, അല്ലാതെ താര രാജാക്കന്മാരെ അല്ല.
സ്കൂളിൽ പോകാൻ താല്പര്യമില്ലാത്ത കുട്ടിയെ നിർബന്ധിച്ചു സ്കൂളിൽ അയക്കുന്നതുപോലെയാണ് സുരേഷ് ഗോപിയെ ലോക്സഭയിലേക്ക് അയച്ചതെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോകും. തിരഞ്ഞെടുപ്പ് ജയിച്ചത് മുതൽ സുരേഷ് ഗോപിയുടെ ഭാഷയും പ്രവർത്തനങ്ങളും ഒരിക്കലും ഒരു നല്ല ജനപ്രതിനിധിക്ക് ചേർന്നതല്ല. മാധ്യമങ്ങളോട് തട്ടിക്കയറുന്ന, വിമർശനങ്ങളെ അസഹിഷ്ണുത കൊണ്ട് നേരിടുന്ന, പരാതിയുമായി എത്തുന്ന ജനങ്ങളോട് തട്ടിക്കയറുന്ന ഒരു സുരേഷ് ഗോപിയാണ് നാം കഴിഞ്ഞ കുറച്ചു കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഓട്ടോഗ്രാഫ് വാങ്ങാനായി തന്റെ അടുത്തേക്ക് വരുന്ന ആരാധകരോട് സൂപ്പർസ്റ്റാറിന് ഒരുപക്ഷേ ഇത്തരത്തിലൊക്കെ പ്രതികരിക്കാം എന്നാൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളെ പ്രതിനിധീകരിക്കാൻ ഉത്തരവാദിത്വമുള്ള ഒരു ജനപ്രതിനിധിയിൽ നിന്ന് ഇത്തരം സമീപനങ്ങൾ ഉണ്ടാകുമ്പോൾ അത് വിമർശിക്കപ്പെടേണ്ടത് തന്നെയാണ്. കേരളത്തിലെ 20 ലോക്സഭാ എംപിമാരിൽ സുരേഷ് ഗോപി മാത്രമാണ് ഈ വിധം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്, മറ്റേതെങ്കിലും ഒരു എംപിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഏതെങ്കിലും പ്രവർത്തികളോ സംസാരങ്ങളോ ഉണ്ടായിട്ടുണ്ടോ!
അതുപോലെതന്നെ കഴിഞ്ഞദിവസം തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് സുരേഷ് ഗോപി പ്രസംഗിച്ചിരുന്നു. മുൻപ് ‘തോട്ടികൾ’ എന്ന് വിളിച്ചിരുന്ന ശുചീകരണ തൊഴിലാളികളെ ഇപ്പോൾ ‘ശുചിത്വ എഞ്ചിനീയർമാർ’ എന്ന് വിളിക്കുന്നതിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപി താൻ ഉപയോഗിച്ച ‘പ്രജ’, ‘പ്രജാതന്ത്ര’ എന്നീ പദങ്ങൾ എതിരാളികൾ വളച്ചൊടിച്ചതാണ് എന്നും ‘പ്രജ’ എന്ന പദം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്നും ചോദിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ ഇത്തരം പ്രയോഗങ്ങളിൽ എന്താണ് പ്രശ്നം എന്ന് സുരേഷ് ഗോപിക്ക് ഇത്രയധികം വിമർശനങ്ങളും വിവാദങ്ങളും ഉണ്ടായിട്ടും മനസ്സിലായിട്ടില്ല എന്നതാണ് ഇവിടുത്തെ യഥാർത്ഥ പ്രശ്നം. രാജാവും പ്രജകളും ഒക്കെ പോയി ഇവിടെ ഇപ്പോൾ പൗരന്മാരാണ് ഉള്ളതെന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ് അദ്ദേഹത്തിന് ഇപ്പോഴും ജനങ്ങൾ അദ്ദേഹത്തിനു മുന്നിൽ കഞ്ഞി പാത്രം നീട്ടി ഇരിപ്പാണ് എന്നൊക്കെ തോന്നിപ്പോകുന്നത്. ഒരാൾക്ക് പ്രസംഗിക്കുമ്പോൾ നാക്കു പിഴ പറ്റുന്നതും തെറ്റ് പറ്റുന്നതും ഒക്കെ സ്വാഭാവികമാണ് എന്നാൽ സുരേഷ് ഗോപിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും അദ്ദേഹത്തിനുണ്ടാകുന്ന പിഴവുകൾ അല്ല മറിച്ച് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം തന്നെയാണ്. അതുകൊണ്ടാണ് വിമർശനങ്ങൾ ഉണ്ടായ ശേഷവും അദ്ദേഹം ഇത്തരത്തിലുള്ള പദങ്ങളും ശൈലികളും വീണ്ടും വീണ്ടും ആവർത്തിക്കുന്നത്
ജനപ്രതിനിധിയെന്നത് ഒരു ആർഭാട കസേര ആണെന്ന് ആർക്കെങ്കിലും ധാരണയുണ്ടെങ്കിൽ ദയവായി അത് തിരുത്തണം. ജനപ്രതിനിധി എന്നത് വളരെയധികം ഉത്തരവാദിത്വങ്ങൾ നിക്ഷിപ്തമായിട്ടുള്ള ഒരു ചുമതലയാണ്. ഒരു നല്ല ജനപ്രതിനിധി ആവാൻ പല കാര്യങ്ങളും ത്യജിക്കേണ്ടതായി വരും. സിനിമയിൽ തുടരണമെന്നും കൂടുതൽ സമ്പാദിക്കണം എന്നും ആഗ്രഹമുള്ളവർ ദയവായി ജനങ്ങളെ ബുദ്ധിമുട്ടിക്കാനായി രാഷ്ട്രീയത്തിൽ തുടരരുത്.