പത്തനംതിട്ട: പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തി. അജീബ് – സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്സൽ അജി.
അതേസമയം മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്. പത്തനംതിട്ട കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട് അജ്‌സൽ അജി, നബീൽ നിസാം എന്നീ വിദ്യാർഥികളെയാണ് കാണാതായത്. മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ഉച്ചയ്ക്ക് 12:50 ഓടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്.
ഓണപ്പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ സ്‌കൂൾ കഴിഞ്ഞെത്തിയ വിദ്യാർഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേർ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാർഥി ഒഴുക്കിൽപ്പെടുകയും കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. നല്ല അടിയൊഴുക്കുള്ള പ്രദേശത്താണ് കുട്ടികളെ കാണാതായത്. രണ്ടാമത്തെ കുട്ടിക്കായി ഫയർഫോഴ്സ് സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്.