കൊലകൊമ്പന്മാരെ മുഴുവൻ വെള്ളം കുടിപ്പിച്ച വെെഭവ് സൂര്യവംശിയെന്ന 15 കാരനെ ലക്ഷ്യമിട്ടാണ് താൻ ഇന്നലെ കളത്തിലിറങ്ങിയതെന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അരങ്ങേറ്റങ്ങളിൽ ഒന്നിലൂടെ വരവറിയിച്ച സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസർ പ്രഫുൽ ഹിംഗെ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ തന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ പിഴുത ഹിംഗെ, രാജസ്ഥാന്റെ നട്ടെല്ലാണ് ഒടിച്ചത്. തന്റെ കരിയറിലെ രണ്ടാമത്തെ മാത്രം സീനിയർ ടി20 മത്സരം കളിക്കാനിറങ്ങിയ വിദർഭയിൽ നിന്നുള്ള ഈ 24കാരൻ നേരിട്ട ആദ്യ പന്തിൽ തന്നെ ഫോമിലുള്ള വൈഭവ് സൂര്യവംശിയെ (0) പുറത്താക്കി നയം വ്യക്തമാക്കി.
ഇപ്പോഴിതാ തന്റെ സ്വപ്നതുല്യമായ അരങ്ങേറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രഫുൽ. ആദ്യ പന്തിൽത്തന്നെ വെെഭവിനെ പുറത്താക്കുമെന്ന് താൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് ഹൈദരാബാദിന്റെ ഹീറോ വെളിപ്പെടുത്തിയത്. ഇക്കാര്യം താൻ പലരോടും പറഞ്ഞിരുന്നുവെന്നും മത്സരശേഷം പ്രഫുൽ പറഞ്ഞു.
‘വൈഭവ് സൂര്യവംശിയുടെ വിക്കറ്റാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത്. കാരണം അദ്ദേഹം വളരെ മികച്ച ഫോമിലായിരുന്നു. ഒരു ബൗൺസർ എറിഞ്ഞ് വൈഭവിനെ വീഴ്ത്തുമെന്ന് മത്സരത്തിന് മുന്നേ ഞാൻ പലരോടും പറഞ്ഞിരുന്നു. എനിക്ക് ആദ്യ പന്തിൽ തന്നെ വൈഭവിനെ വീഴ്ത്തണമായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ നാലോ അഞ്ചോ വിക്കറ്റുകൾ നേടുമെന്ന് താൻ മുൻകൂട്ടി എഴുതിവെച്ചിരുന്നു’, പ്രഫുൽ പറഞ്ഞു.
അതേസമയം അരങ്ങേറ്റ മത്സരത്തിൽ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയാണ് ഹിംഗെ, സൺറൈസേഴ്സിന്റെ വിജയത്തിൽ നിർണായകമായി. തന്റെ ആദ്യ ഓവറിൽ തന്നെ വൈഭവ് സൂര്യവംശി, ധ്രുവ് ജൂറൽ, ലുവാൻ-ഡ്രെ പ്രിട്ടോറിയസ് എന്നിവരെ വീഴ്ത്തിയ ഹിംഗെ തന്റെ രണ്ടാം ഓവറിൽ ക്യാപ്റ്റൻ റിയാൻ പരാഗിനെയും മടക്കി. ആദ്യ സ്പെല്ലിൽ മൂന്ന് ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ നേടിയ ഹിംഗെയുടെ പ്രകടനത്തിൽ 13 ഡോട്ട് ബോളുകളും ഉൾപ്പെടുന്നു.
ദൈവത്തെ പരിഹസിക്കരുത് – ശക്തമായ പ്രതിഷേധം; ട്രംപ് യേശുവായ ചിത്രം പിൻവലിച്ചു















































