കൊല്ലം: പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം മരുമകൻ പാചകവാതക സിലിണ്ടർ തുറന്നു വിട്ട് വീടിനു തീയിട്ടു. മണിയപ്പൻ (60) ആണു വീടിനു തീയിട്ട ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഭാര്യാമാതാവിനെ ആക്രമിച്ച ശേഷം ബാത്ത്റൂമിൽ കയറി കഴുത്തും കൈ ഞരമ്പും മുറിച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. ഇന്നു രാവിലെയാണ് സംഭവം.
സംഭവത്തിൽ ഭാര്യാ മാതാവ് രത്നമ്മ (80) ഗുരുതരമായി പരുക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മണിയപ്പന്റെ ആരോഗ്യനിലയും ഗുരുതരമാണ്. പരവൂരിൽനിന്ന് അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തിയാണ് വീട്ടിലെ തീ കെടുത്തിയത്. ശേഷം നടത്തിയ പരിശോധനയിൽ മണിയപ്പനെ അവശനിലയിൽ ബാത്ത്റൂമിൽ കണ്ടെത്തിയത്. കിടപ്പു മുറിയിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുവച്ചായിരുന്നു മണിയപ്പൻ വീടിന് തീയിട്ടത്.
ഫയർഫോഴ്സെത്തി തീയണിച്ചശേഷം ഇരുവരെയും ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടിലെ മുറികളെല്ലാം തകർന്നു. ഹാളും കിടപ്പുമുറിയുമടക്കം കത്തി നശിച്ചു. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പാരിപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി.