തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ കഴിവ് തെളിച്ചയാളെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും പ്രസ്ഥാനത്തെ നല്ലരീതിയിൽ മുന്നോട്ട് നയിക്കുമെന്ന് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു. നാമനിർദേശ സമർപ്പണ ചടങ്ങിലും യോഗത്തിലും പങ്കെടുക്കാൻ വൈകിയെത്തിയത് കാർ കിട്ടാത്തത് കൊണ്ടാണെന്നും തന്നെ ലക്ഷ്യമിട്ട് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്ന ചിലരെ തനിക്കറിയാമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
താൻ യോഗത്തിൽ എത്താൻ വൈകിയത് കാർ കിട്ടാത്ത് കൊണ്ടായിരുന്നു. കാർ വന്നപ്പോൾ ഉടനെ കയറിവരികയും ചെയ്തു. തന്നെ എല്ലാവരും ടാർഗറ്റ് ചെയ്യുന്നില്ല. ചില തൽപ്പര കക്ഷികൾ ടാർഗറ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ മയക്കുമരുന്നിനെതിരേയുള്ള ശക്തമായ പോരാട്ടത്തിലായിരുന്നു ഞാൻ. എന്താണ് നിങ്ങൾ അതെക്കുറിച്ച് വാർത്ത നൽകാതിരുന്നത്? ചില തൽപ്പര കക്ഷികൾ ടാർഗറ്റ് ചെയ്യുന്നുണ്ട്. നമുക്ക് എല്ലാവർക്കും ചേർന്ന് നാടിനെ നന്നാക്കാനുള്ള പ്രവൃത്തിയുടെ ഭാഗമാകാം- ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.