റിയാദ്: സൗദി അറേബ്യക്കെതിരായ ആക്രമണം ശക്തമാക്കി യെമനിലെ ഹൂതികൾ. സൗദി തലസ്ഥാനമായ റിയാദിലെ തന്ത്രപ്രധാന മേഖല ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. യാൻബുവിലെ അരാംകോ കേന്ദ്രവും ആക്രമിച്ചതായി ഹൂതികൾ അറിയിച്ചു. എന്നാൽ ബിഷ, ത്വായിഫ്, ഫർസാൻ, യാൻബു എന്നിവിടങ്ങളിലേക്കുള്ള ആക്രമണശ്രമങ്ങൾ സൗദി പ്രതിരോധിച്ചതായി അധികൃതർ വ്യക്തമാക്കി.
അതേസമയം, സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇറാനുമായുള്ള ചർച്ചകൾക്കായി പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ് വി നാളെ ടെഹ്റാനിലെത്തും. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്കിടെയാണ് പാകിസ്താന്റെ ഇടപെടൽ.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണ, ചരക്ക്, വാതകങ്ങളുടെ അളവ് ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്നും പ്രധാന ഗതാഗത പാതകളിൽ മൈനുകൾ ഇല്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. എന്നാൽ അമേരിക്കൻ സേനയുടെ ഈ അവകാശവാദം തെറ്റാണെന്ന് ഇറാൻ സൈന്യം പ്രതികരിച്ചു.
അതിനിടെ, പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മുന്നിൽ ഇറാൻ ഉപാധികൾ മുന്നോട്ടുവച്ചു. ഖത്തർ മുഖേനയാണ് ഇറാൻ വ്യവസ്ഥകൾ അമേരിക്കയെ അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ സുരക്ഷാ മേധാവി മോഷെൻ റെസായി പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒമ്പത് രാജ്യങ്ങളിലുള്ള പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.




