ന്യൂഡൽഹി: ഡൽഹിയിൽ പ്രതിപക്ഷ ഇന്ത്യാ മുന്നണി എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വനിതാ പോലീസ് ഉദ്യോഗസ്ഥയെ തള്ളാൻ ശ്രമിച്ചെന്ന ആരോപണവുമായി ബിജെപി. അശോക റോഡിൽ പ്രതിഷേധിച്ചിരുന്ന വനിതാ സമരക്കാരിലൊരാളെ പോലീസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയും വനിതാ പോലീസ് ഉദ്യോഗസ്ഥയും തമ്മിൽ വാക്കുതർക്കമുണ്ടായതെന്നാണ് ബിജെപിയുടെ ആരോപണം. ആരോപണത്തോട് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
‘വോട്ട് ചോരി’ ആരോപണവുമായി ബന്ധപ്പെട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ എട്ട് മണിക്കൂർ ധർണ നടത്തിയതിന് പിന്നാലെയാണ് ബുധനാഴ്ച വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി എക്സിൽ പങ്കുവെച്ചു. “ഒരു റീൽ ഉണ്ടാക്കാനുള്ള ആവേശത്തിൽ രാഹുൽ ഗാന്ധി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തള്ളാൻ ശ്രമിക്കുന്നു,” എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയും രാഹുൽ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചു. പ്രതിപക്ഷ നേതാവെന്ന പദവിക്ക് ചേരാത്ത പെരുമാറ്റമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും വനിതാ പോലീസ് ഉദ്യോഗസ്ഥയെ അദ്ദേഹം മനഃപൂർവം സ്പർശിച്ചെന്നും ഭാട്ടിയ ആരോപിച്ചു. “രാഹുൽ ഗാന്ധി വനിതാ പോലീസ് ഉദ്യോഗസ്ഥയെ മനഃപൂർവം അനുചിതമായി സ്പർശിച്ചതായി വീഡിയോയിൽ വ്യക്തമായി കാണപ്പെടുന്നതായി തോന്നുന്നു. അങ്ങനെയാണ് സംഭവിച്ചതെങ്കിൽ അത് വളരെ ഗൗരവമുള്ള കാര്യമാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ പൊതുപദവിക്കൊപ്പമുള്ള ഉത്തരവാദിത്തം രാഹുൽ ഗാന്ധി മനസിലാക്കണം. പൊതുജീവിതത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കുകയും സ്ത്രീകളെ ബഹുമാനിക്കുകയും വേണം,” ഗൗരവ് ഭാട്ടിയ പറഞ്ഞു. രാഹുൽ ഗാന്ധി സംഭവത്തിൽ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ജന്തർ മന്തറിൽ പ്രതിഷേധം നടത്താനായിരുന്നു പ്രതിപക്ഷ എംപിമാരുടെ പദ്ധതി. എന്നാൽ അശോക റോഡിലെ ഒരു റൗണ്ട്എബൗട്ടിൽ പോലീസ് ഇവരെ തടഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഐക്യദാർഢ്യ ഉച്ചഭക്ഷണത്തിന് ശേഷമാണ് ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ പ്രതിപക്ഷ നേതാക്കൾ തീരുമാനിച്ചത്.
ഉച്ചഭക്ഷണത്തിന് പിന്നാലെ എംപിമാർ ബസുകളിൽ കയറി ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. ജന്പഥിൽ നിന്ന് പ്രതിഷേധ സ്ഥലത്തേക്ക് നീങ്ങിയ ബസുകളിൽ ചില നേതാക്കൾ ദേശീയപതാകയുമായി ബസുകളുടെ മുകളിൽ കയറി. ഇതോടെ അതീവ സുരക്ഷാ മേഖലയായ പ്രദേശത്ത് തുടർച്ചയായ രണ്ടാം ദിവസവും ഗതാഗതവും സുരക്ഷാ സംവിധാനങ്ങളും തടസപ്പെട്ടു.
സുരക്ഷാ ഉദ്യോഗസ്ഥർ ബസുകൾ തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ രൂക്ഷമായത്. തുടർന്ന് രാഹുൽ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി വാദ്ര, മറ്റ് ഇന്ത്യാ മുന്നണി നേതാക്കൾ എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധ സ്ഥലത്തുനിന്ന് നീക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം, സിപിഐ, ആർജെഡി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നിവയുൾപ്പെടെയുള്ള പാർട്ടികളുടെ എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. സമാജ്വാദി പാർട്ടി എംപിമാർ പ്രതിഷേധത്തിൽ ഉണ്ടായിരുന്നില്ല.
In his Eagerness to make a reel, Rahul Gandhi attempts to push a female police personnel. https://t.co/wQRzDh2DpG
— Pradeep Bhandari(प्रदीप भंडारी)🇮🇳 (@pradip103) October 7, 2026




