ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെയുള്ള നാഷണൽ ഹെറാൾഡ് കേസ് പരിഗണിക്കാൻ വിസമ്മതിച്ച് കോടതി. കള്ളപ്പണം വെളുപ്പിക്കൽ പ്രകാരമുള്ള ഇഡി കേസ് നിലനിൽക്കില്ലെന്നും ഡൽഹി റോസ് അവന്യൂ കോടതി സ്‌പെഷ്യൽ ജഡ്ജ് വിശാൽ ഗോഘ്‌നെ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള ഇഡി കേസ് ഒരു സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും എഫ്‌ഐആർ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ചൂണ്ടിക്കാണിച്ചാണ് കേസിൽ ഇടപെടാൻ കോടതി വിസമ്മതിച്ചത്. മാത്രമല്ല ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഈ കേസിൽ നേരത്തേതന്നെ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം, ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ഇഡിയുടെ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസ് പറഞ്ഞു. എന്നാൽ ഇത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണെന്നും വ്യാജരേഖ ചമച്ചതിനും കള്ളപ്പണം വെളുപ്പിച്ചതിനും തെളിവുണ്ടെന്നുമാണ് ഇഡി വാദിച്ചത്. ഡൽഹി കോടതിയുടെ ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. തങ്ങളുടെ നിയമവിദഗ്ധർ കോടതി ഉത്തരവ് വിശദമായി പഠിക്കുമെന്നും ഇതിനുശേഷം അപ്പീൽ അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു.
ബിജെപി നേതാവായ സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡി കേസെടുത്തിരുന്നത്. അതേസമയം, കോടതി വിധിക്ക് പിന്നാലെ ‘സത്യം വിജയിച്ചെന്ന്’ കോൺഗ്രസ് ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ പ്രതികരിച്ചു. ഇഡി കേസ് അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് കോടതി വിധിച്ചിരിക്കുന്നു. ഇതിൽ എഫ്‌ഐആറും ഇല്ല, അതിനാൽ കേസും ഇല്ല. ഇത് മോദി സർക്കാരിന്റെ നിയമലംഘനവും വഞ്ചനയും തുറന്നുകാട്ടുന്നതാണെന്നും കോൺഗ്രസ് കുറിപ്പിൽ പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ‘ഗാന്ധിനഗർ ഗ്യാങ്ങി’നെ തുറന്നുകാട്ടുന്നതാണ് കോടതി വിധിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രതികരിച്ചു. ഇത് ഇന്ത്യയിലെ ജനങ്ങൾക്കെതിരായ ഗൂഢാലോചനയാണെന്നും രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവിന്റെ പദവി കൃത്യമായി നിർവഹിക്കുന്നതിനാലാണ് ഇത്തരം ഗൂഢാലോചന നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.















































