മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെച്ചൊല്ലി ചർച്ചകളും വാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. വിഎസ് ജോയിയെ നിർത്തണമെന്ന് അൻവറും ആര്യാടൻ ഷൗക്കത്തിനു പിൻതുണയുമായി യുഡിഎഫും അരയുംതലയും മുറുക്കി രംഗത്തെത്തിയിരിക്കുകയാണ്.
എന്നാൽ ഈ ചർച്ചകൾക്കെല്ലാം തിരികൊളുത്തിയവർ വിവാഹചടങ്ങിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതു കണ്ടു നിന്നവരിൽ കൗതുകം ഉണർത്തി. തിങ്കളാഴ്ച ഉച്ചയോടെ മലപ്പുറം കാളികാവിലെ വിവാഹചടങ്ങിലെത്തിയതായിരുന്നു പിവി അൻവറും ആര്യാടൻ ഷൗക്കത്തും. വിവാഹസദ്യയ്ക്കിടെ അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുകയും രണ്ടുപേരും പരസ്പരം സൗഹൃദസംഭാഷണം നടത്തുകയുംചെയ്തു.
അതേസമയം നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതിൽ പിവി അൻവർ തിങ്കളാഴ്ച അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥിയെ യുഡിഎഫ് മത്സരിപ്പിക്കണമെന്നായിരുന്നു പി.വി. അൻവർ തിങ്കളാഴ്ചയും അഭിപ്രായപ്പെട്ടത്. ഇതിനിടെയാണ് അൻവറും ആര്യാടൻ ഷൗക്കത്തും വിവാഹചടങ്ങിൽ പങ്കെടുത്ത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
സംഭവം എന്തായാലും അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ് ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർഥിയാക്കാൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകുമെന്നാണ് അറിയുന്നത്.