മലപ്പുറം: താനൂരിൽനിന്ന് സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ദേവദാർ ഹയർസെക്കൻഡറി സ്കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നീ വിദ്യാർഥിനികളെയാണ് ബുധനാഴ്ച മുതൽ കാണാതായത്.
ഇന്നലെ പരീക്ഷയുണ്ടെന്ന് അമ്മയോട് കള്ളം പറഞ്ഞാണ് അശ്വതി കൂട്ടുകാരിക്കൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. ഇരുവരേയും സ്കൂളിലേക്കുള്ള ബസിൽ കയറ്റിവിട്ടത് അശ്വതിയുടെ പിതാവായിരുന്നു. തുടർന്ന് സ്കൂളിന്റെ ക്യാന്റീനിൽ ഭക്ഷണം കഴിക്കാനും ഏൽപിച്ചിരുന്നു. തങ്ങൾ കഴിച്ചിട്ട് സ്കൂളിലേക്ക് പോയിക്കോളാമെന്ന് പറഞ്ഞു പിതാവിനെ തിരിച്ചയക്കുകയായിരുന്നു.
പിന്നീട് ഇവരെ വിളിച്ചപ്പോൾ ക്യാന്റീൻ തുറന്നിട്ടില്ലെന്നും തങ്ങൾ പുറത്തുനിന്ന് ഭക്ഷണം കഴിച്ചോളാമെന്നും പറഞ്ഞ് ഫോൺ വയ്ക്കുകയായിരുന്നു. പിന്നീട് ഇവരെ വിളിച്ചിട്ട് കിട്ടിയില്ലെന്നു അശ്വതിയുടെ സഹോദരി പറഞ്ഞു.
പരീക്ഷയ്ക്ക് കുട്ടികൾ എത്താത്തതിനെ തുടർന്ന് അധ്യാപിക വീട്ടിൽവിളിച്ച് കാര്യം തിരക്കിയപ്പോഴാണ് മാതാപിതാക്കൾ ഇരുവരും സ്കൂളിലെത്തിയില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് ടീച്ചർ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വിദ്യാർഥിനികളെ കാണാതായ വിവരം അറിയിച്ചു. സംഭവത്തിൽ താനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടുപേരുടേയും ഫോൺ ഓഫായതിനാൽ ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അതേ സമയം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ എടവണ്ണയിലുള്ള ഒരു വ്യക്തി രണ്ടുപേരുടെ ഫോണിലേക്കും വിളിച്ചതായി പോലീസ് വീട്ടുകാരെ അറിയിച്ചു. അതേസമയം വിദ്യാർഥിനികൾ ഈ നമ്പറിലേക്ക് തിരിച്ചു വിളിച്ചിരുന്നതായും കണ്ടെത്തൽ. ഇപ്പോൾ ഈ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസുള്ളത്.