താമരശേരി: സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ച് പുറത്തുവന്ന 70 വയസുകാരന് നേരെ ആൾക്കൂട്ട മർദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആൾക്കൂട്ടം മർദ്ദിച്ചത്. ഇയാളെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടാണ് ആളുകൾ ഉപദ്രവിച്ചത്. കയറുപയോഗിച്ച് ദേഹത്ത് വരിഞ്ഞു മുറുക്കി കെട്ടി, കൈരണ്ടും കൂട്ടി തോർത്തുപയോഗിച്ച് കെട്ടിയ ശേഷമായിരുന്നു മർദ്ദനം.
ഒരു സ്ത്രീയോട് അപമര്യാദയായി സംസാരിച്ച കേസിലാണ് കുഞ്ഞുമൊയ്തീൻ ജയിൽവാസം അനുഭവിച്ചത്. 75 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചു വീട്ടിൽ വന്ന കുഞ്ഞുമൊയ്തീനെ ഞായറാഴ്ച അക്രമി സംഘം മർദ്ദിക്കുകയായിരുന്നു. തനിക്കെതിരെ പരാതി നൽകിയവർ ആക്രമിക്കുമെന്ന ഭയം കുഞ്ഞുമൊയ്തീനുണ്ടായിരുന്നു. അതിനാൽ കട്ടിപ്പാറ പഞ്ചായത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്.
എന്നാൽ അവിടെ ഞായറാഴ്ച വൈകിട്ടോടെ ഈ അക്രമസംഘമെത്തുകയായിരുന്നു. അവിടെയിട്ട് മർദ്ദിച്ചശേഷം വാഹനത്തിൽ കയറ്റി അങ്ങാടിയിൽ കൊണ്ടുവന്ന വൈദ്യുതപോസ്റ്റിൽ കെട്ടിയിട്ടു വീണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ താമരശേരി പോലീസ് കേസെടുത്തു. ഇതിലുൾപ്പെട്ട അബ്ദുൾ റഹിമാൻ എന്നയാൾ മുൻ പോലീസ് ഉദ്യോഗസ്ഥനാണ്. താമരശേരി റൂറൽ എസ്പി നേരിട്ട് മുൻകൈയ്യെടുത്താണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നത്. കുഞ്ഞുമൊയ്തീൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.