പത്തനംതിട്ട: കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ ഘടകത്തിന് തിരിച്ചടിയായി നൂറിലധികം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബ്, ജില്ലാ സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി എന്നിവരടക്കമുള്ള നേതാക്കളും പ്രവർത്തകരുമാണ് പാർട്ടി വിട്ടത്. പത്തനംതിട്ട ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ഇവർക്ക് കോൺഗ്രസ് അംഗത്വം നൽകി.
പാർട്ടി അധ്യക്ഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങളും നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയുമാണ് രാജിക്ക് കാരണമായതെന്ന് കോൺഗ്രസിൽ ചേർന്ന നേതാക്കൾ ആരോപിച്ചു. ജോസ് കെ. മാണിയുടെയും റോഷി അഗസ്റ്റിന്റെയും നേതൃത്വമാണ് കേരള കോൺഗ്രസ് (എം) ദുർബലമാകാൻ ഇടയാക്കിയതെന്നും, മുന്നണി സംബന്ധിച്ച ശരിയായ രാഷ്ട്രീയ തീരുമാനം സമയബന്ധിതമായി എടുക്കാതിരുന്നതും പാർട്ടിക്ക് തിരിച്ചടിയായെന്നും അവർ വിമർശിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കേരള കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസിലേക്ക് എത്തുമെന്ന അവകാശവാദവും നേതാക്കൾ മുന്നോട്ടുവച്ചു.
ഇതിനിടെ, പാലാ നഗരസഭയിലെ ഭരണപ്രതിസന്ധി കൂടുതൽ രൂക്ഷമായി. സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിക്കണമെന്ന പ്രമേയം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി അടിയന്തര യോഗത്തിൽ പാസാക്കി. തീരുമാനം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് കൈമാറാനും യോഗം തീരുമാനിച്ചു.
കേരള കോൺഗ്രസ് (എം)യുമായി ഇനി യാതൊരു സാഹചര്യത്തിലും സഹകരിക്കില്ലെന്ന് മണ്ഡലം പ്രസിഡന്റ് തോമസ് കുട്ടി വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ സമ്മേളനത്തിനായി കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വിട്ടുനൽകിയ വിഷയത്തിൽ കൗൺസിൽ യോഗത്തിൽ ഉണ്ടായ സംഭവവികാസങ്ങളാണ് ഈ തീരുമാനത്തിന് വഴിവെച്ചതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഡി.വൈ.എഫ്.ഐക്കും എൽ.ഡി.എഫിനും അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ഡി.വൈ.എഫ്.ഐയുടെ പരിപാടിക്ക് അനുമതി നൽകുന്ന പ്രമേയം പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് കൗൺസിലിൽ പാസായത്. യോഗത്തിൽ സ്വതന്ത്ര കൂട്ടായ്മയിലെ ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം എന്നിവരും ഒരു കേരള കോൺഗ്രസ് (എം) കൗൺസിലറും വിട്ടുനിന്നതോടെ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചത്.
















































