കൊച്ചി: മലയാറ്റൂരിൽ പത്തൊൻപതുകാരിയായ ചിത്രപ്രിയ വീട്ടിൽനിന്നു പുറത്തു പോയി മണിക്കൂറുകൾക്കുള്ളിൽ കൊല്ലപ്പെട്ടുവെന്ന് പോലീസിന്റെ നിഗമനം. ഞായറാഴ്ച വെളുപ്പിനെ ചിത്രപ്രിയ കൊല്ലപ്പെട്ടു എന്നാണ് കരുതുന്നത്. അതേസമയം നാടുമുഴുവൻ തിരഞ്ഞു കൊണ്ടിരുന്നപ്പോൾ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പറമ്പിൽ ചിത്രപ്രിയ ജീവനറ്റു കിടക്കുകയായിരുന്നു. ജീർണിച്ചു തുടങ്ങിയ മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കണ്ടെത്തിയത്.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ സുഹൃത്ത് അലൻ (21) ആണു കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായ ചിത്രപ്രിയ ഏതാനും ദിവസം മുൻപാണ് വീട്ടിലെത്തിയത്. കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ചിത്രപ്രിയയുടെ അമ്മ ഷിനി. വനംവകുപ്പിൽ താൽക്കാലിക ഫയർ വാച്ചറാണ് പിതാവ് ഷൈജു. സഹോദരൻ അഭിജിത്. വോളിബോൾ കളിക്കുകയും കലാപ്രവർത്തനങ്ങളിലടക്കം സജീവമായി ഇടപെടുകയും ചെയ്തിരുന്ന പെൺകുട്ടിയായിരുന്നു ചിത്രപ്രിയയെന്ന് നാട്ടുകാർ പറയുന്നു.
സംഭവം നടക്കുന്നതിനു ഏതാനും മണിക്കൂർ മുൻപ് ശനിയാഴ്ച രാത്രി മണ്ഡലമകരവിളക്കിനോട് അനുബന്ധിച്ച് വീടിനു സമീപത്തെ അയ്യപ്പസേവാ സംഘം ദേശവിളക്കിൽ ചിത്രപ്രിയയും അമ്മയും പങ്കെടുത്തിരുന്നു. തുടർന്ന് രാത്രി 11 മണിയോടെ ഇരുവരും വീട്ടിലെത്തി. തുടർന്ന് വസ്ത്രം മാറിയ ശേഷം അടുത്തുള്ള കടയിൽ പോയി വരാമെന്ന് പറഞ്ഞ് ചിത്രപ്രിയ പുറത്തേക്ക് പോവുകയായിരുന്നു. രാത്രി വൈകിയും തിരിച്ചെത്താതായതോടെ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ചടങ്ങ് നടക്കുന്നിടത്തേക്ക് വീണ്ടും പോയി എന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ പിന്നീടും വിവരമൊന്നും ലഭിക്കാതായതോടെ കാലടി പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിനിടയിൽ അലന്റെ ഒപ്പം ബൈക്കിൽ സഞ്ചരിക്കുന്ന ചിത്രപ്രിയയുടെ സിസിടിവി ദൃശ്യം പോലീസ് കണ്ടെത്തി. ഞായറാഴ്ച വെളുപ്പിനെ 1.53ന്, കൊല്ലപ്പെട്ട സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ അകലെയുള്ള മറ്റൊരിടത്തുനിന്നുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. മറ്റൊരു ബൈക്കിൽ രണ്ടു പേർ കൂടി ഇവർക്കൊപ്പം ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ അടുത്തറിയുന്നവരാണ് ചിത്രപ്രിയയും അലനും. പിന്നീട് ഇവർ തമ്മിൽ അടുപ്പത്തിലായി. എന്നാൽ അടുത്ത കാലത്തായി തമ്മിൽ അസ്വാരസ്യങ്ങളുണ്ടാവുകയും ബന്ധം വേർപെട്ടു എന്നും വിവരങ്ങളുണ്ട്. എങ്കിലും ഇരുവരും തമ്മിൽ സംസാരിക്കാറുണ്ടായിരുന്നു. ചിത്രപ്രിയയ്ക്ക് മറ്റു ബന്ധമുണ്ടോ എന്ന സംശയമാണ് തർക്കത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം പെട്ടെന്നുള്ള ദേഷ്യത്തിൽ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് അലൻ പോലീസിനു നൽകിയിരിക്കുന്ന മൊഴി. സംഭവം നടക്കുമ്പോൾ മദ്യപിച്ചിരുന്നു എന്നും അലൻ പറയുന്നു. മലയാറ്റൂർ കുരുശുമുടി മലയിലേക്ക് പോകുന്ന നക്ഷത്ര തടാകത്തിനടത്ത് മണപ്പാട്ടുചിറയിലെ സെബിയൂർ റോഡിനടത്തുള്ള പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. എന്നാൽ കാടും പടലവുമൊക്കെ വെട്ടി വൃത്തിയാക്കിയിട്ടിരിക്കുന്നതാണ് ഈ പറമ്പ്. സമീപത്തായി ഒരു വാഹനവും പാർക്ക് ചെയ്തിരുന്നു. തിരഞ്ഞെടുപ്പായതിനാൽ ഇതിന്റെ ഉടമസ്ഥൻ വാഹനം എടുക്കാൻ എത്തിയിരുന്നില്ല. കല്ലുകൊണ്ടുള്ള ഇടിയേറ്റു വീണ ഞായറാഴ്ച വെളുപ്പിനെ മുതൽ കണ്ടെത്തുന്ന ചൊവ്വാഴ്ച ഉച്ച വരെ ചിത്രപ്രിയയുടെ മൃതദേഹം അവിടെ കിടന്നു. ഇതിനിടെ കുടുംബത്തോട് നാട്ടുകാരിൽ ചിലരാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്ന കാര്യം അറിയിക്കുന്നത്. മാതാപിതാക്കളും മറ്റുള്ളവരും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് മകളാണ് കൊല്ലപ്പെട്ടു കിടക്കുന്നത് എന്നറിയുന്നത്. പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവശേഷം അവിടെ നിന്ന് രക്ഷപെട്ട അലൻ തിങ്കളാഴ്ചയാണ് പിന്നീട് മടങ്ങിയെത്തിയത്. സിസി ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ചോദ്യം ചെയ്തപ്പോൾ തങ്ങൾ ഒരുമിച്ചുണ്ടായിരുന്നു എന്നും പിന്നീട് ജംക്‌ഷനിൽ ചിത്രപ്രിയയെ ഇറക്കിവിട്ടു എന്ന മൊഴിയാണ് അലൻ നൽകിയത്. വിട്ടയച്ചെങ്കിലും മൃതദേഹം കണ്ടെത്തിയതോെട വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും രാത്രിയോടെ പ്രിവന്റീവ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സ്ഥലത്ത് ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കുന്നതിന്റെ ഭാഗമായാണ് ബിഎൻഎസ്എസ് 170 അനുസരിച്ച് പ്രിവന്റീവ് അറസ്റ്റ് എന്നാണ് എഫ്ഐആറിൽ പറയുന്നത്.
മൃതദേഹത്തിനു സമീപത്തു നിന്ന് രക്തം പുരണ്ട ഒരു വെട്ടുകല്ല് പോലീസ് കണ്ടെടുത്തിരുന്നു. എങ്കിലും ഇവിടെ വച്ചു തന്നെയാണോ കൊലപ്പെടുത്തിയത് എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. തലയോട്ടിക്കുള്ളിൽ ആന്തരിക രക്തസ്രാവം ഉണ്ടായാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലേ മരണകാരണം വ്യക്തമാകൂ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാവും കൊലപാതക കേസിൽ അലന്റെ അറസ്റ്റ് രേഖപ്പെടുത്തുക.

















































