ആലപ്പുഴ: പാർട്ടി വിട്ടുപോയവരെ സിപിഎമ്മിലേക്ക് തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കെതിരെ മത്സരിക്കാൻ പോയവരുടെ കാര്യത്തിൽ നിലപാട് വ്യത്യസ്തമാണെന്നും, അവർ നിലപാട് പുനഃപരിശോധിച്ച് തെറ്റ് തിരുത്തി തിരിച്ചുവരാൻ താൽപര്യം പ്രകടിപ്പിച്ചാൽ അപ്പോൾ പാർട്ടി ഇക്കാര്യം ആലോചിക്കുമെന്നും എം.എ. ബേബി പറഞ്ഞു.
പാർട്ടി വിട്ടുപോയവർ പിന്നീട് തങ്ങളുടെ തീരുമാനം ശരിയായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞ് പാർട്ടിയുമായി സഹകരിച്ച അനുഭവങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.ആർ. ഗൗരിയമ്മ അവസാനകാലത്ത് സിപിഎമ്മുമായി സഹകരിച്ചതും എം.വി. രാഘവൻ പാർട്ടി വിട്ടുപോയതിന് ശേഷം തിരിച്ചെത്തി സഹകരിച്ചതും ഇതിന് ഉദാഹരണങ്ങളാണെന്ന് എം.എ. ബേബി പറഞ്ഞു.
പാർട്ടിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ അനുഭാവി ഗ്രൂപ്പുകൾ രൂപീകരിക്കാനും ശ്രമിക്കുന്നുണ്ട്. പാർട്ടിയിൽനിന്ന് അകന്നുപോയവരുമായി സഹകരിക്കുന്നതിനും അവരെ തിരിച്ചെത്തിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, റിപ്പോർട്ടർ ടിവി ഓഫീസിൽ നടന്ന റെയ്ഡിനെയും എം.എ. ബേബി വിമർശിച്ചു. റെയ്ഡ് ശരിയായ നടപടിയല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മെസിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കേസെങ്കിൽ അത് പ്രത്യേകം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും, ഒരു മാധ്യമ സ്ഥാപനത്തിന്റെ ഉടമ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപ്രകാരം അതിനെ നേരിടണമെന്നും എം.എ. ബേബി പറഞ്ഞു. എന്നാൽ അതിന്റെ മറവിൽ ഒരു മാധ്യമ സ്ഥാപനത്തെ തന്നെ ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമ സ്ഥാപനങ്ങൾക്കെതിരായ ഇത്തരം നടപടികളെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു. ഏതെങ്കിലും പഴുത് ഉപയോഗിച്ച് ഒരു മാധ്യമ സ്ഥാപനത്തെ ആക്രമിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





