കൊച്ചി: പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ രണ്ടുവർഷത്തോളമായി അമ്മയുടെ ആൺസുഹൃത്തിനാൽ പീഡനത്തിനിരയായതായി പരാതി. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ അറിവോടെയാണോ പീഡനം എന്നറിയാൻ പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം ധനേഷ് രണ്ട് വർഷത്തോളം കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന് പരാതിയിൽ പറയുന്നുണ്ട്.
കുറുപ്പംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണു പീഡനത്തിന് ഇരയായത്. ലോറി ഡ്രൈവറായ പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. 2023 മുതൽ ഇക്കഴിഞ്ഞ മാസം വരെ കുട്ടികളെ പീഡിപ്പിച്ചു എന്നാണു വിവരം. പെൺകുട്ടികളിലൊരാൾ സ്‌കൂളിലെ സുഹൃത്തിനെഴുതിയ കുറിപ്പിൽ നിന്നാണ് അതിക്രമത്തിന്റെ വിവരം പുറത്തറിയുന്നത്. പെൺകുട്ടികളുടെ സുഹൃത്ത് ആ കുറിപ്പ് അധ്യാപികയ്ക്ക് കൈമാറുകയായിരുന്നു. അധ്യാപികയാണ് കുറുപ്പംപടി പോലീസിൽ പരാതി നൽകിയത്.