തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വി.എസ്. സുജിത്തിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ നിരസിക്കാൻ പോലീസ് കാരണമായി കൊണ്ടുനിർത്തിയത് പോക്സോ കേസ് ഇരയെ. സുജിത്തിനെ എത്തിക്കുന്ന സമയത്തു സ്റ്റേഷനിൽ പോക്സോ കേസിലെ ഇര ഉണ്ടായിരുന്നെന്നും ഇവരുടെ വിവരങ്ങൾ പുറത്തുവരുമെന്നതിനാൽ ദൃശ്യങ്ങൾ നൽകാനാകില്ലെന്നുമായിരുന്നു പോലീസ് വാദം. എന്നാൽ ഇതു സ്ഥിരീകരിക്കാനുള്ള തെളിവുകൾ പോലീസിന്റെ കൈവശമില്ലാതെ വന്നതോടെ വാദം ആ പൊളിഞ്ഞു.
അതേസമയം മർദനമേറ്റതിന്റെ പിറ്റേന്നുതന്നെ പോലീസിനെതിരെ സുജിത്ത് പരാതി നൽകിയിരുന്നു. തെളിവു നൽകാൻ ആവശ്യപ്പെട്ടപ്പോൾ കർണപടം പൊട്ടിയെന്നു സാക്ഷ്യപ്പെടുത്തുന്ന മെഡിക്കൽ റിപ്പോർട്ടും കൈമാറി. കൂടാതെ ഡോക്ടർ അനുകൂലമായി മൊഴി നൽകുകയും ചെയ്തു. പിന്നീടു സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പ്രത്യക്ഷ തെളിവായതിനാൽ അതു പെൻഡ്രൈവിൽ പകർത്തി നൽകാനാവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. എന്നാൽ, ദൃശ്യം നൽകാൻ കഴിയില്ലെന്നായിരുന്നു പോലീസ് വാദം.
ഇതിനിടെ സുജിത്തിന്റെ പരാതി അന്വേഷിച്ച അസി. കമ്മിഷണറുടെ റിപ്പോർട്ടിൽ പോലീസ് മർദനം സ്ഥിരീകരിച്ചെങ്കിലും മൊഴി നൽകാൻ ഒരു വർഷത്തോളം അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരായില്ല. പിന്നീട് അറസ്റ്റ് വാറന്റ് അയച്ചപ്പോഴാണ് ഹാജരായത്. ഇതിനിടെ സിസിടിവി ദൃശ്യം ലഭിക്കാതെ പിന്നോട്ടില്ലെന്നു സുജിത്തും തീരുമാനിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസ് ചൊവ്വന്നൂർ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സി.ബി. രാജീവ് എന്നിവർ നിയമപ്പോരാട്ടം ഏറ്റെടുത്തു. 6 മാസത്തിനു ശേഷം ദൃശ്യം ഡിവിആറിൽനിന്നു മാഞ്ഞുപോകുന്നത് ഒഴിവാക്കാൻ കോടതിയെ സമീപിച്ചു. ദൃശ്യം കൈമാറിയില്ലെങ്കിലും സൂക്ഷിച്ചുവയ്ക്കണമെന്ന വിധി നേടിയെടുത്തു. സമാന്തരമായി ദൃശ്യത്തിനു വേണ്ടി പോരാട്ടം തുടരുകയും ചെയ്തു. ഇതോടെയാണ് പോലീസിന്റെ കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്.