തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയിൽ കൂടുതൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. ജൂൺ 15 മുതൽ സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും കെഎസ്‌ആർടിസിയിൽ സൗജന്യ യാത്ര ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ പദ്ധതി കേവലം വോട്ട് നേടാൻ വേണ്ടി പ്രഖ്യാപിച്ചതല്ലെന്നും സ്ത്രീ ശാക്തീകരണത്തിന് സർക്കാർ നൽകുന്ന വലിയ കൈത്താങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ ക്ഷേമത്തിനും പുരോഗതിക്കുമായാണ് ഈ സർക്കാർ നിലകൊള്ളുന്നത്. ലഭ്യമായ എല്ലാ പൊതുസമ്പത്തും ഇതിനായി പ്രയോജനപ്പെടുത്തും. കെഎസ്‌ആർടിസിയുടെ ഏതെല്ലാം കാറ്റഗറി സർവീസുകളിലാണ് (ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയവ) സൗജന്യം അനുവദിക്കേണ്ടതെന്ന കാര്യത്തിൽ നിലവിൽ ഉന്നതതല ചർച്ചകൾ പുരോഗമിക്കുകയാണ്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക വശങ്ങളെക്കുറിച്ച് കൃത്യമായ പഠനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
സൗജന്യ യാത്ര നടപ്പാക്കുന്നതിലൂടെ കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കും. ഇതിനായി കോർപ്പറേഷന് സർക്കാർ പ്രത്യേക അധിക സഹായം നൽകും. കെഎസ്‌ആർടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റി ലാഭകരമായ ഒരു പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കെഎസ്‌ആർടിസിയുടെ എല്ലാ വിഭാഗം ബസുകളിലും പൂർണ്ണമായി സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം ഏകദേശം 112 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കെഎസ്‌ആർടിസി മാനേജ്‌മെന്റിന്റെ പ്രാഥമിക റിപ്പോർട്ട്.


















































