കോഴിക്കോട്: വിതരണം ചെയ്ത എന്യൂമറേഷൻ ഫോമുകൾ കുറവുണ്ടെന്നു കാണിച്ച് കോഴിക്കോട് ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. പിഡബ്ല്യൂഡിയിലെ സീനിയർ ക്ലർക്കായ അസ്ലമിനാണ് സബ്കളക്ടർ നോട്ടീസ് നൽകിയിരിക്കുന്നത്. അസ്ലമിന് ചുമതലയുള്ള ബൂത്തിലെ 954 വോട്ടർമാരിൽ 390 പേർക്ക് മാത്രമാണ് ഫോമുകൾ വിതരണം ചെയ്തതെന്ന് കാണിച്ചാണ് സബ്കലക്ടർ നോട്ടീസ് നൽകിയിരിക്കുന്നത്.
സമയബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനം നിരുത്തരവാദത്തോടെ കൈകാര്യംചെയ്തെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നിയമിച്ച ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ബിഎൽഒയ്ക്കെതിരെ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം നടപടി സ്വീകരിക്കാതിരിക്കാൻ കാരണം വല്ലതും ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്നും സബ്കലക്ടറുടെ നോട്ടീസിൽ പറയുന്നു.
നവംബർ 13ന് നൽകിയ കാരണം കാണിക്കൽ നോട്ടീസാണ് ഇപ്പോൾ പുറത്തുവന്നത്. നവംബർ 15 ന് മുൻപായി കാരണം ബോധ്യപ്പെടുത്തണമെന്ന് നോട്ടീസിലുള്ളത്. അതേസമയം, എസ്ഐആർ നടപടികളുടെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് കളക്ടറേറ്റിൽ ബിഎൽ ഒമാർ പ്രതിഷേധവുമായി രംഗത്തെത്തി. എൻജിഒ അസോസിയേഷൻറെ നേത്യത്വത്തിലാണ് പ്രതിഷേധിക്കുന്നത്. കളക്ടറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം.എസ്ഐആർ നടപടികൾ നീട്ടിവെക്കണമെന്ന് എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടെന്നും എൻജിഒ അസോസിയേഷൻ വ്യക്തമാക്കി.
















































