ജറുസലേം: ഇസ്രയേൽ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ അടുത്തെത്തിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പക്ഷെ ദൗത്യങ്ങൾ ഇനിയും ബാക്കിയാണ്. ഹമാസ് ഇതുവരെ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസ യുദ്ധം ആരംഭിച്ച് രണ്ടുവർഷം തികയുന്നവേളയിൽ ഒരു അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യങ്ങൾ പറഞ്ഞത്. കൂടാതെ അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും നെതന്യാഹു വിശദീകരിച്ചു. അമേരിക്കയെ ലക്ഷ്യമിട്ട് ഇറാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നെതന്യാഹുവിന്റെ വാക്കുകൾ ഇങ്ങനെ-
”ഞങ്ങൾ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ അടുത്തെത്തിയിരിക്കുകയാണ്. 46 ബന്ദികളുടെ മോചനത്തോടെ, ഹമാസിന്റെ ഭരണത്തിന്റെ അവസാനത്തോടെ ഗാസയിൽ തുടങ്ങിയത് ഗാസയിൽ തന്നെ അവസാനിക്കും. പക്ഷെ ഹമാസ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല. എന്നാൽ നമ്മൾ അവിടെയും എത്തും. ആ ദിവസം മേഖലയിലെ ഏറ്റവും ശക്തമായ രാജ്യമായി ഇസ്രയേൽ ഉയർത്തിയെഴുന്നേൽക്കും. പക്ഷേ, വിജയം പൂർത്തീകരിക്കാനുള്ള ദൗത്യങ്ങൾ ബാക്കിനിൽക്കുകയാണ്” നെതന്യാഹു പറഞ്ഞു.
അതുപോലെ 21 മിനിറ്റോളം ദൈർഘ്യമുള്ള അഭിമുഖത്തിൽ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചും നെതന്യാഹു വിശദീകരിച്ചു. ഇറാൻ അമേരിക്കയെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നുവെന്ന മുന്നറിയിപ്പും നൽകി. ന്യൂയോർക്കും ബോസ്റ്റണും വാഷിങ്ടണും തങ്ങളുടെ റഡാറിൽ ഉൾപ്പെടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ വികസിപ്പിക്കുന്നത്. പക്ഷേ, യുഎസിനെ സംരക്ഷിക്കാനായി ഇസ്രയേൽ എല്ലായ്‌പ്പോഴും ഒപ്പമുണ്ടാകുമെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
”8000 കിലോമീറ്ററോളം ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര മിസൈലുകളാണ് ഇറാൻ വികസിപ്പിക്കുന്നത്. അത് 3000 കിലോമീറ്റർ കൂടി നീട്ടിയാൽ യുഎസിന്റെ കിഴക്കൻ തീരത്ത് എത്തും. അമേരിക്ക ഫസ്റ്റ് എന്നാൽ അമേരിക്ക ഒറ്റയ്ക്കാണെന്നല്ല. വലിയ ശക്തികൾക്ക് സഖ്യകക്ഷികളെ ആവശ്യമാണ്. ഇസ്രയേൽ അത്തരത്തിൽ പോരാടുന്ന ഒരു സഖ്യകക്ഷിയാണ്. ഇത്രയേറെ പീഡനം സഹിച്ചിട്ടും ഞങ്ങൾ ഇതുവരെ അമേരിക്കയുടെ കരസേനയെ ആവശ്യപ്പെട്ടിട്ടില്ല”, നെതന്യാഹു വ്യക്തമാക്കി.