ചെന്നൈ: കഴിഞ്ഞ കുറച്ചുനാളുകളായി ഐപിഎൽ- ക്രിക്കറ്റ് ലോകത്ത് സ്ഥിരം ചർച്ചയായി മാറുകയാണ് ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ സഞ്ജുവിനു ലഭിക്കുന്ന ബാറ്റിങ് പൊസിഷൻ മാറ്റവും ഗില്ലിനായി മാറ്റിനിർത്തുന്നുവെന്ന വാദവുമാണ് പൊടിപൊടിക്കുന്നതെങ്കിൽ ഐപിഎല്ലിലേക്ക് വരുമ്പോൾ താരത്തെ ചെന്നൈ സ്വന്തം തട്ടകത്തിലെത്തിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചർച്ചയാകുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ പരിക്കിനെതുടർന്ന് താരത്തിന് ഐപിഎല്ലിൽ കാര്യമായി സംഭാവനകൾ നൽകിയിട്ടില്ല. എന്നിരുന്നാലും ഇത്തവണ താരത്തെ സ്വന്തം തട്ടകത്തിലെത്തിക്കാൻ പല ഫ്രാഞ്ചൈസികളും രംഗത്തിയിട്ട് നാളേറെയായി.
ഇതിനിടെ സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് കൂടുമാറാനൊരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരം. ലേലത്തിനു മുൻപുള്ള ട്രേഡിങ് വഴിയാണ് സഞ്ജുവിനെ ചെന്നൈ സ്വന്തം തട്ടകത്തിലെത്തിക്കാൻ ശ്രമിക്കുന്നത്. സഞ്ജുവിനു പകരമായി ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ കൈമാറി മലയാളി താരത്തെ തട്ടകത്തിലെത്തിച്ചേക്കുമെന്നാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കറൻ വേണ്ട പകരം ലങ്കൻ പേസർ മതീഷ പതിരണയെ മതിയെന്നാണ് രാജസ്ഥാൻ ആവശ്യപ്പെട്ടതായി ഇന്ത്യൻ എക്‌സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
ജഡേജയെ കൂടാതെ സാം കറനെ ഡീലിൽ ഉൾപ്പെടുത്തി താരക്കൈമാറ്റം നടത്താനാണ് ആദ്യ പദ്ധതിയെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് വിവരം. സാം കറന് പകരം മതീഷ പതിരണയെയാണ് രാജസ്ഥാൻ ഉന്നമിടുന്നത്. എന്നാൽ പതിരണയെ വിട്ടുകൊടുക്കാൻ ചെന്നൈക്ക് താത്പര്യമില്ല. മാത്രമല്ല, ജഡേജയുടെ സമ്മതമില്ലാതെ താരത്തെ ട്രേഡ് ഡീലിൽ ഉൾപ്പെടുത്തില്ലെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതേസമയം കൈമാറ്റം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം ഐപിഎൽ കരിയർ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന മഹേന്ദ്രസിങ് ധോനിക്ക് പകരക്കാരനായി സഞ്ജുവിനെ ടീമിലെത്തിച്ച് വിക്കറ്റ് കീപ്പർ കം ബാറ്റ്സ്മാന്റെ വിടവ് നികത്താനാണ് ചെന്നൈ ലക്ഷ്യമിടുന്നത്. കാരണം ധോനി എത്രകാലം ചെന്നൈ ടീമിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
നേരത്തേ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളിലേക്കും സഞ്ജു മാറുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. 2018 മുതലാണ് സഞ്ജു രാജസ്ഥാൻ റോയൽസിനാണ് കളിക്കുന്നത്. ജഡേജയാകട്ടെ ടീമിന് വിലക്ക് നേരിട്ട 2016, 2017 സീസണുകൾ ഒഴികെ, 2012 മുതൽ ചെന്നൈക്ക് വേണ്ടിയാണ് കളിക്കുന്നത്. തന്നെ റിലീസ് ചെയ്യണമെന്ന് രാജസ്ഥാനോട് സഞ്ജു ആവശ്യപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

















































