നവി മുംബൈ: മിരാ റോഡിൽ പെരുന്നാളിനോടനുബന്ധിച്ച് ബലിയറുക്കുന്നതിനായി വിശ്വാസികൾ കൊണ്ടുവന്ന ആടിനെ ചൊല്ലി തർക്കം. വീട്ടുപരിസരങ്ങളിലേക്ക് ആടിനെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ആക്രോശിച്ച് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരാണ് പ്രതിഷേധപ്രകടനം നടത്തിയത്.
മുസ്ലിം വിശ്വാസികളെ ആചാരാനുഷ്ഠാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ, കുഴപ്പമുണ്ടാക്കാൻ ബോധപൂർവം പന്നികളെ സൊസൈറ്റിയിലേക്ക് കൊണ്ടുവരാനും ഹിന്ദുത്വ സംഘടനകൾ ശ്രമിക്കുകയുണ്ടായി. സൊസൈറ്റിയിലേക്ക് ആടുകളെ കൊണ്ടുവരുന്നതിലൂടെ, മുതിർന്നവർക്കടക്കം നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും ശ്വസനസംബന്ധിയായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ടെന്നും വിഎച്ച്പി കോർഡിനേറ്റർ ഹാർഷ് സിങ് പറഞ്ഞു.
ഇത് പറഞ്ഞുചെന്ന തന്നെ മിരാ റോഡിലെ വിശ്വാസികൾ മർദിച്ചെന്ന് ചൂണ്ടിക്കാട്ടി ഹർഷ് സിങ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആടിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം നടന്നിരുന്നെന്നാണ് വിവരം. തീവ്ര ഹിന്ദുത്വ പ്രവർത്തകരുടെ നിരന്തരമായ പരാതിയും ആവലാതിയും മുഖവിലക്കെടുത്ത്, ആടുകളെ പാർപ്പിച്ചിരുന്ന ഷെഡ് കോർപറേഷൻ ഇടപെട്ട് പൊളിച്ചുനീക്കിയിരുന്നു. എന്നാൽ, ആടുകളെ സുരക്ഷിതമായി നിർത്താൻ മറ്റ് വഴികളൊന്നുമില്ലാതിരുന്ന വിശ്വാസികൾ ആ ഷെഡ് പുനർനിർമിച്ചു. ഇതിൽ പ്രതിഷേധവുമായി വിഎച്ച്പി, ബജ്റംഗ് ദൾ പ്രവർത്തകർ ഹനുമാൻ ചാലിസ ഉരുവിട്ട് ഒരുമിച്ചുകൂടി.
സൊസൈറ്റിയിലേക്ക് പന്നിക്കൂട്ടങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. ആടുകളെ കൊണ്ടുവന്നതിന് പകരം പന്നികളെ കൊണ്ടുവരുമെന്നും തങ്ങളുടെ വിശ്വാസത്തിന്‍റെ ഭാഗമായ വരഹ പൂജയുടെ ഭാഗമാണിതെന്നുമായിരുന്നു അവരുടെ വാദം. അതേസമയം, സാധാരണഗതിയിൽ വരഹ ജയന്തിയിൽ നടക്കാറുള്ള വരഹ പൂജ നടക്കേണ്ടുന്ന സമയം ഇനിയും ആയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 12-ന് ആയിരിക്കുമെന്നാണ് വിവരം.






