അഹമ്മദാബാദ്: അവളുടെ സ്വപ്നമായിരുന്നു അവൾ പൊതുവേദിയിൽ പ്രസംഗിച്ചത്. അവളുടെ സ്വപ്‍നങ്ങളെ അംഗീകരിച്ച ഒരുപറ്റം ആളുകൾ അവളെ കയ്യടിച്ച് അഭിനന്ദിച്ചു. എന്നാൽ പഠിപ്പിച്ച അധ്യാപകൻ തന്നെ ആ പത്താംക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ സ്ത്രീകളുടെ ഉന്നമനത്തെ കുറിച്ചും സ്ത്രീസുരക്ഷയെ കുറിച്ചും പ്രസംഗിച്ച് കയ്യടി നേടിയ വിദ്യാർഥിനിയെയാണ് അധ്യാപകൻ ക്രൂര പീഡനത്തിനിരയാക്കിയത്.
റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ബേഠി ബച്ചാഓ ബേഠി പഠാഓ എന്ന പ്രസംഗത്തിന് സ്കൂളിൽ വലിയ കയ്യടിയായിരുന്നു വിദ്യാർഥിനി കിട്ടിയത്. തന്റെ പ്രസംഗത്തിൽ പെൺകുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്ത്രീസുരക്ഷയെ കുറിച്ചുമായിരുന്നു കുട്ടി സംസാരിച്ചത്. ഇതിന് 11 ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി ഏഴിനായിരുന്നു സ്കൂളിലെ അധ്യാപകൻ തന്നെ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത്. തൻ്റെ പിറന്നാളാണെന്നും ആഘോഷങ്ങൾക്കായി ഹോട്ടലിലേക്ക് വരണമെന്നും പറഞ്ഞായിരുന്നു അധ്യാപകൻ കുട്ടിയെ വിളിച്ചുവരുത്തിയത്. പിന്നാലെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന ഭീഷണിയും പ്രതി മുഴക്കിയിരുന്നു.
എന്നാൽ അതെല്ലാം തരണംചെയ്ത് അവൾ അതിജീവനത്തിന്റെ പാതയിലാണ്. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥിനി തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെ മറികടന്ന് ഈ മാസം നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. പോലീസാകണമെന്നതാണ് തന്റെ ആഗ്രഹമെന്നും അതിനായി പ്രയത്നിക്കാനാണ് തീരുമാനമെന്നും കുട്ടി പറയുന്നു. 27നാണ് പരീക്ഷകൾ ആരംഭിക്കുന്നത്.
സംഭവത്തിന് ശേഷം പിതാവിന്റെ സഹോദരിക്കൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. ഇവരുടെ രണ്ട് മക്കളും പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണ്. അതിഥികളുടെ കടന്നുവരവ് കുട്ടിയുടെ പഠനത്തെ ബാധിക്കരുത് എന്നതിനാലാണ് ബന്ധുവിന്റെ വീട്ടിൽ താമസമാക്കിയതെന്ന് കുട്ടിയുടെ കുടുംബം വ്യക്തമാക്കി. കർഷക കുടുംബത്തിനാലാണ് തങ്ങളെന്നതിനാൽ കുട്ടികൾക്ക് പഠനം ഉറപ്പാക്കണമെന്നത് കുടുംബത്തിൽ നിർബന്ധമാണെന്നും പഠനത്തിന്റെ പ്രാധാന്യം തങ്ങൾക്കറിയാമെന്നും ബന്ധുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
‘എനിക്ക് പോലീസാകാനാണ് ആഗ്രഹം. മാത്സും സയൻസുമാണ് ഇഷ്ട വിഷയങ്ങൾ. നന്നായി പഠിക്കണം, പാസാകണം. സ്വപ്നത്തിനൊപ്പം മുന്നോട്ട് പോകണം. മറ്റ് കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനില്ല’, കുട്ടി പറഞ്ഞു. സ്കൂളിലെ മികച്ച വിദ്യാർഥികളിലൊരാളാണ് കുട്ടിയെന്നും ധീരതയോടെ ഈ സാഹചര്യങ്ങളെ നേരിടുന്ന വിദ്യാർഥിനിയിൽ അഭിമാനമുണ്ടെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.