കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പോലീസ് വലയിലെന്നു സൂചന. കറുത്ത പാൻ്റും കള്ളി ഷർട്ടും തലയിൽ ഭാണ്ഡക്കെട്ടു വച്ചയാളെ കണ്ടുവെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. രണ്ട് കൈകളും തലയിലെ ഭാണ്ഡത്തിലേക്ക് വെച്ചിരിക്കുകയായിരുന്നു.
റോഡിന്റെ വലതുവശം ചേർന്നു പോകുന്ന ഇയാളെ കണ്ട് സംശയം തോന്നിയ ദൃക്സാക്ഷി എടാ ഗോവിന്ദച്ചാമിയെന്നു വിളിച്ചപ്പോൾ ഓടിപ്പോവുകയായിരുന്നു. ഓടിക്കയറിയത് ഹോസ്പിറ്റൽ കെട്ടിടത്തിൽ. പിന്നാലെ ഇയാൾ ടൗൺ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു വിവരം അറിയിച്ചുവെന്നാണ് ദൃക്സാക്ഷിയായ ബിനോജ് എന്നയാളുടെ വെളിപ്പെടുത്തൽ.
ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. രാവിലെ ഓഫിസിലേക്കു പോകുമ്പോൾ ഡിസിസി ഓഫിസിന്റെ സമീപത്തുകൂടി ഒരാൾ നടന്നു വരുന്നതു കണ്ടുവെന്നും സംശയം തോന്നി തൊട്ടടുത്തുള്ളയാളോട് അത് ഗോവിന്ദച്ചാമിയാണോയെന്നു ചോദിക്കുകയും ചെയ്തു. പിന്നാലെ വണ്ടി തിരിച്ച് ഇവർ അയാൾക്കു പിന്നാലെ പോവുകയായിരുന്നു.
ആദ്യം എടായെന്നു വിളിച്ചപ്പോൾ നോക്കിയില്ല, പക്ഷെ നടത്തത്തിന്റെ സ്പീഡ് കൂട്ടി. പിന്നാലെ എടാ ഗോവിന്ദച്ചാമിയെന്നു വിളിച്ചപ്പോൾ ഓടി മതിൽ ചാടി കടന്നു കാടുപോലെ വളർന്ന സ്ഥലത്തേക്കു ഇയാൾ പോവുകയായിരുന്നു. ഗോവിന്ദച്ചാമിയെ പിടികൂടിയെന്നു പറയുമ്പോഴും അതേസമയം ഇക്കാര്യത്തിൽ പോലീസിന്റെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈ ഭാഗത്ത് ഇയാളെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്.