പത്തനംതിട്ട: സിപിഐയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പാർട്ടി വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോൺഗ്രസിൽ ചേരും. ശ്രീനാദേവിയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കോൺഗ്രസിലേക്ക് സ്വീകരിക്കുമെന്നാണ് അറിയുന്നത്. രാവിലെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡിസിസിയിൽ വച്ചാകും പാർട്ടി അംഗത്വം സ്വീകരിക്കുക.
അതേസമയം മുൻപ് സിപിഐ സ്ഥാനാർഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ ശ്രീനാദേവിക്ക് കോൺഗ്രസ് നൽകുമെന്നാണ് സൂചന. സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളും രാജി വച്ചതായും ശ്രീനാദേവി നവംബർ മൂന്നിനാണ് മാധ്യമങ്ങളെ അറിയിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയായ നാൾ മുതൽ പാർട്ടിയിലെ ചില ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടായ വാക്കുകളും പ്രവൃത്തികളും മാനസികമായി സമ്മർദം സൃഷ്ടിച്ചു. ആത്മഹത്യാ പ്രേരകമായ വ്യക്തിഹത്യ വരെയുണ്ടായി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പരാതി നൽകിയിട്ടും അദ്ദേഹം മൗനം പാലിച്ചുവെന്നായിരുന്നു ഇവർ മാധ്യമങ്ങളോട് പറഞ്ഞത്.
സിപിഐ നേതൃത്വത്തിന്റേതു കപട ആദർശമാണെന്നും ശ്രീനാദേവി വിമർശിച്ചിരുന്നു. തനിക്ക് അർഹതപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ നിഷേധിക്കപ്പെട്ടത്, പാർട്ടി മുൻ ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയത് കാരണമാണെന്നത് പരസ്യമായ രഹസ്യമാണെന്നും ശ്രീന ആരോപിച്ചു. പാർട്ടിയിലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന ഒരാളുടെ അഴിമതി ചൂണ്ടിക്കാട്ടി താൻ നൽകിയ പരാതി വിവിധ തലങ്ങളിൽ അന്വേഷിച്ച് ശരിയെന്ന് കണ്ടെത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്തതാണ്.
ഇതിനു ശേഷം പാർട്ടി പരിപാടികളിൽ പങ്കെടുപ്പിച്ചിട്ടില്ല. പൊതുപരിപാടികളിൽ അനൗദ്യോഗിക വിലക്കേർപ്പെടുത്തി. പാർട്ടി അംഗത്വവും നിഷേധിക്കപ്പെട്ടു. രേഖാമൂലം നിരവധി പരാതികൾ നൽകിയിട്ടും നേതൃത്വം ഉദാസീനത തുടർന്നതിനാലാണ് രാജി തീരുമാനം കൈക്കൊണ്ടതെന്നും ശ്രീനാദേവി വ്യക്തമാക്കിയിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട ശ്രീനാദേവിയുടെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്.















































