പത്തനംതിട്ട: പതിമൂന്നുകാരി നൽകിയ പീഡനപരാതി പ്രാഥമിക അന്വേഷണത്തിൽ ശരിവെക്കാൻ സാധിക്കാത്ത സാഹചര്യത്തിലും കേസിലെ എല്ലാ ദുരൂഹതകളും നീക്കാൻ വിശദമായ അന്വേഷണം തുടരുമെന്ന് പൊലീസ്. പരാതി പൂർണമായും അവസാനിപ്പിക്കുന്നതിന് പകരം സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് അന്വേഷണസംഘം.
പ്രണയനൈരാശ്യം മാത്രമാണ് പരാതിക്ക് പിന്നിലെ കാരണമെന്ന വിലയിരുത്തൽ ഉണ്ടായിട്ടുണ്ടെങ്കിലും, അത്ര ഗുരുതരമായ ആരോപണം ഒരു കൗമാരക്കാരി ഉന്നയിക്കാൻ മറ്റെന്തെങ്കിലും സാഹചര്യമുണ്ടായിരുന്നോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. തുടക്കത്തിൽ കേസ് അവസാനിപ്പിക്കാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും, ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടലിനെ തുടർന്ന് അന്വേഷണം വീണ്ടും ശക്തമാക്കുകയായിരുന്നു.
പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസായതിനാൽ പെൺകുട്ടിയെ വീണ്ടും കൗൺസിലിങ്ങിന് വിധേയയാക്കാനും, ആവശ്യമായ തെളിവുകളും മൊഴികളും ശേഖരിച്ച ശേഷമേ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാവൂ എന്ന നിർദേശമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.
ഇതിനിടെ, വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് മർദിച്ചെന്ന പരാതിയും ഗൗരവമായി പരിശോധിക്കും. കസ്റ്റഡിയിലിരിക്കെ ക്രൂരമായി മർദിച്ചെന്നാണ് യുവാവിന്റെ ആരോപണം. ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പോലീസിന്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോയെന്നും, കസ്റ്റഡിയിലുണ്ടായെന്നാരോപിക്കുന്ന മർദനത്തിൽ ഉത്തരവാദിത്തമുള്ളവർ ആരൊക്കെയാണെന്നും കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നാണ് വിവരം. ഇരു അന്വേഷണങ്ങളുടെയും റിപ്പോർട്ടുകൾ ലഭിച്ച ശേഷമായിരിക്കും തുടർ നിയമനടപടികൾ സ്വീകരിക്കുക.


















































