പാരീസ്: മോഹിച്ച ഗ്രീൻലൻഡിനെ ഏതുവിധേനയും കൈപ്പിടിയിലൊതുക്കാൻ ട്രംപ് പുറത്തെടുത്ത താരിഫ് ഭീഷണിക്കു മറുപണി കൊടുക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. യുഎസിന്റെ അധീനതയിലാക്കുന്നതിനെ പിന്തുണയ്ക്കാത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം ഇറക്കുമതിത്തീരുവ എന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം മറ്റൊരു വ്യാപാര യുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്ന് സൂചന.
ട്രംപിന്റെ ഭീഷണിക്ക് നേരെ ‘ട്രേഡ് ബസൂക്ക’ പ്രയോഗിക്കേണ്ട സമയമായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടു. ഞായറാഴ്ച ചേർന്ന യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളുടെ അടിയന്തര യോഗവും ചേർന്നു. ഇതിൽ ഇക്കാര്യം ചർച്ചയായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘ട്രേഡ് ബസൂക്ക’ ഉപയോഗിക്കുന്നതിലൂടെ യൂറോപ്യൻ യൂണിയൻ വിപണിയിലേക്ക് അമേരിക്കൻ ഉത്പന്നങ്ങൾക്ക് പ്രവേശനം തടയുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാം. ചൈന പോലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള യൂറോപ്പിന്റെ ഒരു വ്യാപാര പ്രതിരോധ നടപടിയാണ് ‘ട്രേഡ് ബസൂക്ക’ എന്ന പേരിലറിയപ്പെടുന്നത്.
അതേസമയം ഗ്രീൻലൻഡിനെ പിടിച്ചെടുക്കുന്നത് എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് താരിഫ് ഏർപ്പെടുത്തിയത്. ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഫെബ്രുവരി 1 മുതൽ 10% താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ജൂൺ ഒന്നിനകം ഒരു കരാറിൽ എത്തിയില്ലെങ്കിൽ ഇത് 25% ആയി ഉയരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും അംഗമായ ഡെൻമാർക്ക് നിയന്ത്രിക്കുന്ന ഗ്രീൻലൻഡിന്റെ നിർബന്ധിത കൈവശപ്പെടുത്തൽ യൂറോപ്യൻ നേതാക്കൾ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിനിടെ ഞായറാഴ്ച ചേർന്ന യൂറോപ്യൻ യൂണിയൻ പ്രതിനിധികളുടെ യോഗം ട്രംപിന്റെ താരിഫ് നടപടികൾക്ക് തിരിച്ചടി നൽകണമെന്ന ആവശ്യത്തിലാണ് പിരിഞ്ഞത്. താരിഫ് ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി ബ്ലാക്ക്‌മെയിൽ ആണെന്ന് യൂറോപ്യൻ രാജ്യങ്ങൾ കുറ്റപ്പെടുത്തി.
അതുപോലെ യൂറോപ്യൻ യൂണിയൻ നേതാക്കൾ വ്യാഴാഴ്ച ബ്രസൽസിൽ നടക്കുന്ന അടിയന്തര ഉച്ചകോടിയിൽ തിരിച്ചടി നൽകുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ ചർച്ച ചെയ്യുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അതിൽ ഒരു മാർഗ്ഗം 93 ബില്യൺ യൂറോയുടെ (107.7 ബില്യൺ ഡോളർ) യുഎസ് ഇറക്കുമതിയുടെ താരിഫുകളാണ്. മറ്റൊന്നാണ് മാക്രോൺ മുന്നോട്ട് വെച്ച ‘ട്രേഡ് ബസൂക്ക’. ആദ്യ നടപടികളായി താരിഫ് ഏർപ്പെടുത്തുന്നതിനാണ് യൂറോപ്യൻ നേതാക്കൾക്കിടയിൽ കൂടുതൽ പിന്തുണ ലഭിച്ചതെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്.
ട്രംപിന്റെ ഭീഷണിയും യൂറോപ്പിന്റെ പ്രതിരോധ നടപടികളും യുഎസിനും അവരുടെ ഏറ്റവും വലിയ സഖ്യകക്ഷകളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ വഷളാകുന്നതിലേക്ക് നയിക്കുമെന്നാണ് സാമ്പത്തി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ കാൽനൂറ്റാണ്ടുനീണ്ട ചർച്ചയ്‌ക്കൊടുവിൽ തെക്കേ അമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ മെർകോസുറും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടിരുന്നു. പാരഗ്വായുടെ തലസ്ഥാനമായ അസൂൻസിയോനിൽ ശനിയാഴ്ചയായിരുന്നു ഒപ്പുവെക്കൽ ചടങ്ങ്.
ആഗോളതലത്തിൽ സാമ്പത്തികസംരക്ഷണവാദവും വ്യാപാരസംഘർഷങ്ങളും വർധിക്കുമ്പോഴാണ് ഇയുവും മെർകോസുറും കൈകോർക്കുന്നത്. യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ കരാർ പ്രാബല്യത്തിലാകും. തെക്കെ അമേരിക്കൻ രാജ്യങ്ങൾ കരാറിന് പൂർണമായും അനുകൂലമായതിനാൽ അവയുടെ അംഗീകാരം ലഭിക്കാൻ പ്രയാസമുണ്ടാകില്ല എന്നാണു കരുതുന്നത്.
തെക്കേ അമേരിക്കയിലെ രണ്ടു വലിയ സാമ്പത്തികശക്തികളായ അർജന്റീനയ്ക്കും ബ്രസീലിനുമൊപ്പം പാരഗ്വായും യുറുഗ്വായും ഉൾപ്പെട്ടതാണ് മെർകോസുർ. കൂട്ടായ്മയിലെ പുതിയ അംഗമായ ബൊളീവിയ വ്യാപാരക്കരാറിന്റെ ഭാഗമല്ല. പക്ഷേ, വരുംവർഷങ്ങളിൽ ചേർന്നേക്കും. മെർകോസുറിൽനിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നതിനാൽ വെനസ്വേലയും കരാറിലില്ല. അർജന്റീനയിൽനിന്നുള്ള ബീഫ് മുതൽ ജർമനിയിൽനിന്നുള്ള കാർ വരെ ഒരുനിര ഉത്പന്നങ്ങളുടെ തീരുവയിൽ 90 ശതമാനത്തിലേറെ ഇളവു നൽകുന്നതാണ് കരാർ. കരാർ പ്രാബല്യത്തിലാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ സ്വതന്ത്രവ്യാപാരമേഖലകളിൽ ഒന്ന് നിലവിൽ വരും. കൂടാതെ 70 കോടി ഉപഭോക്താക്കൾക്ക് കുറഞ്ഞവിലയിൽ സാധനങ്ങൾ ലഭിക്കും.
അതേസമയം ട്രേഡ് ബസൂക്ക എന്നറിയപ്പെടുന്ന ആന്റി-കോർഷൻ ഇൻസ്ട്രുമെന്റ് (എസിഐ) യൂറോപ്യൻ യൂണിയന്റെ ഒരു നിയന്ത്രണമാണ്. 2021 ൽ നിർദേശിക്കപ്പെട്ട് 2023 ഡിസംബർ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. മൂന്നാം രാജ്യങ്ങളുടെ സാമ്പത്തിക ഭീഷണികളിൽ നിന്ന് യൂറോപ്യൻ യൂണിയനെയും അതിന്റെ അംഗരാജ്യങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഈ നിയന്ത്രണ നടപടിയുടെ ലക്ഷ്യം. സുരക്ഷാ-വ്യാപാര നയങ്ങൾ സംയോജിപ്പിച്ച്, ഏത് രാജ്യമാണ് ഭീഷണികൾ പ്രയോഗിക്കുന്നത് ആ രാജ്യത്തിന് പിഴകൾ ഏർപ്പെടുത്തി ബലപ്രയോഗം തടയുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു പ്രതിരോധ സംവിധാനമാണിത്.















































