കോട്ടയം: കന്നിവോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാഗ്ദാനം ചെയ്ത ഹൽവ ലഭിക്കാത്തതിനെത്തുടർന്ന് പരാതി നൽകിയ യുവാവിന് ഒടുവിൽ മധുരം ലഭിച്ചു. തിരുവല്ല നിയോജക മണ്ഡലത്തിലെ നീരേറ്റുപുറം സ്വദേശിയായ ആരോൺ ഫിലിപ്പ് എന്ന 19കാരനാണ് തന്റെ അവകാശം ചോദിച്ചുവാങ്ങിയത്. തെരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തിയ ശേഷം ആരോൺ ഹൽവയെക്കുറിച്ച് അന്വേഷിച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ മാത്രമേ വിതരണമുള്ളൂ എന്ന മറുപടിയാണ് ലഭിച്ചത്.
ഇതോടെയാണ് തന്റെ പരാതി ഇലക്ഷൻ കമ്മീഷനെയും പത്തനംതിട്ട കലക്ടറെയും അറിയിക്കാൻ ആരോൺ തീരുമാനിച്ചത്. പിന്നാലെ കലക്ടര്‍ക്ക് മെയില്‍ അയച്ചു. മെയിൽ അയച്ച് അരമണിക്കൂറിനുള്ളിൽ തന്നെ പരാതി സ്വീകരിച്ചുകൊണ്ടുള്ള മറുപടി ലഭിച്ചു.
തുടർന്ന് അഡീഷണൽ സിഇഒ, ആരോണുമായി നേരിട്ട് ബന്ധപ്പെടുകയും ഹൽവ എത്തിച്ചുനൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരോൺ താമസിക്കുന്ന കോട്ടയത്തെ വിലാസത്തിൽ ഹൽവ പാഴ്സലായി എത്തിച്ചേരുകയായിരുന്നു.
















































