കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ നടൻ ദുൽഖർ സൽമാന്റെ ഹർജി നിലനിൽക്കില്ലെന്നു കസ്റ്റംസ് ഹൈക്കോടതിയിൽ. മാത്രമല്ല വാഹനം വിദേശത്ത് നിന്നും കടത്തിയതാണെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. ഈ വാഹനം മാത്രമല്ല ദുൽഖറിന്റെ മറ്റ് രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരുന്നു. ആ നടപടി ദുൽഖർ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു.
ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ തിരികെ ആവശ്യപ്പെട്ടാണ് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്. പക്ഷെ ദുൽഖർ ആദ്യം സമീപിക്കേണ്ടത് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ്. എന്നാൽ അത്തരമൊരു നടപടിയിലേക്ക് കടക്കാതെ ഹൈക്കോടതിയെ സമീപിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്.
മാത്രമല്ല നിയമവിരുദ്ധമെങ്കിൽ വാഹനം പിടിച്ചെടുക്കാൻ കസ്റ്റംസിന് അധികാരം ഉണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിശദീകരണം നൽകാൻ ദുൽഖർ സൽമാന് നോട്ടീസ് നൽകിയിട്ടുണ്ട്. നടന്റെ ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.
ഇതിനിടെ വാഹനക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് കസ്റ്റംസ്. വാഹനങ്ങൾ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും കടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ചെന്നൈ, ബംഗളൂരു കസ്റ്റംസ് യൂണിറ്റുകളുടെ സഹായത്തോടെയാണ് അന്വേഷണം. ദുൽഖർ സൽമാന്റെ പക്കൽ കൂടുതൽ വാഹനങ്ങൾ ഉണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.