കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിട്ട് രാജിവച്ച പിപി ദിവ്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ കോടിക്കണക്കിനു രൂപയുടെ കരാറുകൾ നൽകിയതു സ്വന്തം ബെനാമി കമ്പനിക്കാണെന്നും ഷമ്മാസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും ഷമ്മാസ് പുറത്തുവിട്ടു.
‘‘കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ബിനാമി കമ്പനിയുടെ പേര്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനുശേഷം 2021 ജൂലൈ 20നാണ് കമ്പനി രൂപീകരിച്ചത്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് കമ്പനിയുടെ എംഡി. ആസിഫിന്റെയും, ദിവ്യയുടെ ഭർത്താവ് വിപി അജിത്തിന്റെയും പേരിൽ ഏക്കർകണക്കിനു സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിൽ ആസിഫിന്റെയും അജിത്തിന്റെയും പേരിൽ വാങ്ങിയത് നാലേക്കറോളം ഭൂമിയാണ്’’ – ഇതു സംബന്ധിച്ച് ഇരുവരുടെയും പേരിൽ സ്ഥലം റജിസ്റ്റർ ചെയ്ത രേഖകൾ പുറത്തുവിട്ട് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
അതുപോലെതന്നെ അനധികൃതമായി സ്വന്തം ബെനാമി കമ്പനിക്ക് ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ കരാർ ദിവ്യ നൽകിയെന്ന് ആരോപിച്ച ഷമ്മാസ് അതുമായി ബന്ധപ്പെട്ട രേഖകളും പുറത്തുവിട്ടിട്ടുണ്ട്. ‘‘11 കോടിയോളം രൂപയാണ് രണ്ട് വർഷത്തിനിടയിൽ പ്രീ ഫാബ്രിക്കേറ്റ് ടോയ്ലറ്റ് നിർമാണങ്ങൾക്കു മാത്രമായി കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകിയത്. ഇതിനു പുറമെ പടിയൂർ എബിസി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിർമാണ കരാറും ഈ കമ്പനിക്കു തന്നെ നൽകി. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പ്രീ ഫാബ്രിക് നിർമാണങ്ങളാണ് സിൽക്ക് വഴി ഈ കമ്പനിക്ക് നൽകിയത്. പ്രധാനമായും ബയോ ടോയ്ലറ്റുകൾ, മറ്റു കെട്ടിടങ്ങൾ എന്നിവയായിരുന്നു നിർമാണങ്ങൾ. മൂന്ന് വർഷത്തിനിടെ 12 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് ഈ കമ്പനിക്കു നൽകിയത്.
മാത്രമല്ല ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പിപി ഷാജിറിനും ഈ ബിനാമി ഇടപാടുകളിൽ പങ്കുണ്ട്. അതുവഴി ബ്ലോക്ക് പഞ്ചായത്തിന്റെ നിർമാണ പ്രവൃത്തികളുടെ കരാറുകളും ഈ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ ദിവ്യയുടെ അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്നും ഷമ്മാസ് പറഞ്ഞു.