ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയിൽ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയിൽ മത്സരിച്ച നേതാവ് ജി സുധാകരന്റെ വിമർശനത്തിന് മറുപടി നൽകി എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാം. ജി സുധാകരൻ തന്റെ നേരെ ഭ്രാന്ത് പിടിച്ച് തുള്ളാൻ വരേണ്ടെന്നും സിപിഎമ്മുകാർക്ക് ക്ലാസെടുക്കണ്ടെന്നുമായിരുന്നു സലാമിന്റെ മറുപടി.
സുധാകരൻ തനിക്ക് തൊപ്പിവെച്ച് ചെണ്ടകൊട്ടി തന്നവരുടെ അടുത്തുപോയി തുള്ളിയാൽ മതി. ഒപ്പം കോൺഗ്രസുകാർക്കും ബിജെപികാർക്കും ജമാഅത്തെ ഇസ്ലാമിക്കും ക്ലാസെടുത്താൽ മതിയെന്നും സലാം പറഞ്ഞി. ജി സുധാകരന്റെ യഥാർത്ഥ മുഖം കേരളം അറിയണം. ‘സൂരിനമ്പൂതിരി മുതൽ കല്പകവാടിവരെ’ എന്ന പേരിൽ നവമാധ്യമം വഴി പലദിവസങ്ങളിലായി എഴുതി കേരളത്തെ അറിയിക്കണം എന്നാണ് വിചാരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയതിന് ശേഷം 10 ദിവസത്തിനുള്ളിൽ ഈ പരമ്പര എഴുതി തുടങ്ങുമെന്നും എച്ച് സലാം പറഞ്ഞു.
അതേസമയം എച്ച് സലാം ഇനിയും ഭ്രാന്ത് പിടിച്ച് നടക്കുകയാണോയെന്ന് കഴിഞ്ഞ ദിവസം ജി സുധാകരൻ ചോദിച്ചിരുന്നു. രമേശ് ചെന്നിത്തല അടക്കം പങ്കെടുത്ത ഇ വി ശ്രീധരൻ പുരസ്‌കാര സമർപ്പണ ചടങ്ങിൽ സംസാരിക്കവെയായിരുന്നു ജി സുധാകരൻറെ പ്രതികരണം. സലാമിന് തോൽക്കുമെന്ന് മനസിലായി. സലാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. തനിക്കെതിരെ തെളിവ് പുറത്തുവിടാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടതില്ല. കോടതി സലാമിന്റെ പോക്കറ്റിലിരിക്കുന്ന കളിപ്പാട്ടമല്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
അതുപോലെ കേരളം നമ്പർ വൺ എന്നാണ് രാഷ്ട്രീയ നേതാക്കൾ പ്രസംഗിക്കുന്നതെന്നും പരസ്പര സ്നേഹത്തിൽ കേരളം നമ്പർ പൂജ്യമാണെന്നും ജി സുധാകരൻ വിമർശിച്ചിരുന്നു. സാധാരണക്കാരന് കേരളത്തിൽ പരിഗണനയില്ല. ലോകത്ത് ഒരിടത്തും കേരളത്തിലെ പോലെ സാമൂഹ്യ കൊലകൾ നടക്കുന്നില്ല. ക്രിമിനൽ മനോഭാവമുള്ളവർ പാർട്ടിക്കുള്ളിൽ കടന്നുകയറി. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ ക്രിമിനലുകൾ കടന്നുകയറിയത്. അവരുടെ പേരുകൾ പറയുന്നില്ലെന്നും പൊളിറ്റിക്കൽ ക്രിമിനലിസമാണ് നടക്കുന്നതെന്നും സിപിഎമ്മിനെ ഉന്നമിട്ട് ജി സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു.














































