ഇസ്‌ലാമാബാദ്: മനുഷ്യത്വത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതുപോലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കടത്തിക്കൊണ്ടു പോകണമെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. തുർക്കിക്കും നെതന്യാഹുവിനെ തട്ടിക്കൊണ്ടുപോകാൻ സാധിക്കുമെന്നും പാക്കിസ്ഥാനികൾ അതിനായി പ്രാർഥിച്ചുകൊണ്ടിരിക്കുകയാണെന്നും ആസിഫ് പറഞ്ഞു. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് നെതന്യാഹുവിനെതിരേ ഖ്വാജാ ആസിഫിന്റെ പരാമർശം.
മനുഷ്യരാശിയുടെ ഏറ്റവും നീചനായ കുറ്റവാളിയാണ് നെതന്യാഹു. ഗാസയിലെ പലസ്തീനികൾക്കെതിരേ നടന്ന അതിക്രമങ്ങളെ ചരിത്രത്തിലെ മറ്റൊരു അതിക്രമവുമായി താരതമ്യപ്പെടുത്താനാകില്ല. പലസ്തീനികളോട് ഇസ്രയേൽ ചെയ്തതുപോലെ ഒരുസമൂഹവും ആരോടും ചെയ്തിട്ടില്ലെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. നെതന്യാഹു മനുഷ്യരാശിയുടെ ഏറ്റവും വലിയ കുറ്റവാളിയാണ്. ലോകം ഇതിനെക്കാൾ വലിയൊരു കുറ്റവാളിയെ കണ്ടിട്ടില്ലെന്നും ഖ്വാജാ ആസിഫ് പറഞ്ഞു.
അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്ഥാൻ സൈന്യം പങ്കുചേരുന്നതിനെ എതിർത്ത് ഇസ്രയേൽ രംഗത്തെത്തിയിരുന്നു. ഗാസയിലെ സുരക്ഷാ ചുമതലകളിൽ പാക്കിസ്ഥാൻ സൈന്യം ഇടപെടുന്നതിൽ ഇസ്രയേലിനു താൽപര്യമില്ല, പാക്കിസ്ഥാൻ ആസ്ഥാനമാക്കിയ ഭീകരസംഘടനകൾക്ക് ഹമാസുമായി ബന്ധമുണ്ടെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് ഇതെന്നും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.















































