കൊച്ചി: മലയാറ്റൂരിൽ 19കാരിയെ സുഹൃത്ത് കല്ലിനിടിച്ച് കൊലപ്പെടുത്തിയത് മുൻകൂട്ടി തീരുമാനിച്ചു ഉറപ്പിച്ചശേഷമെന്നു നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനത്താലാണു ചിത്രപ്രിയയെ (19) കല്ലിനിടിച്ച് കൊലപ്പെടുത്തിയതെന്ന് അലൻ പോലീസിനോട് പറയുന്നതെങ്കിലും അങ്ങനെയല്ല എന്നാണു ഫോണിലെ വിവരങ്ങളിൽ നിന്ന് പോലീസിനു മനസിലാകുന്നത്. ‘നിന്നെ കൊല്ലും’ എന്ന വിധത്തിൽ അലൻ ചിത്രപ്രിയയ്ക്ക് സന്ദേശങ്ങൾ അയച്ചിരുന്നെന്നും മറ്റു ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു ഇതെന്നുമാണ് പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ പുറത്തുവരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എറണാകുളം റൂറൽ പോലീസ് മേധാവി എം. ഹേമലത പറഞ്ഞു.
അതേസമയം ബെംഗളുരുവിൽ ഏവിയേഷൻ വിദ്യാർഥിയായ ചിത്രപ്രിയ അലനുമായുള്ള ബന്ധം ഏറെക്കുറെ അവസാനിപ്പിച്ച ശേഷമാണ് പഠനത്തിനായി പോയത്. എന്നാൽ ഇതിനിടയിലും അലൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നും മറ്റു സുഹൃത്തുക്കളെ ചൊല്ലി വഴക്കുണ്ടാക്കിയിരുന്നതായും പറയപ്പെടുന്നു. സംഭവത്തിനു മുൻപ്നാട്ടിൽ അയ്യപ്പൻ വിളക്ക് ആഘോഷത്തിനും വടകരയിൽ താമസിക്കുന്ന വല്യച്ഛന്റെ കൊച്ചുമകളുടെ പിറന്നാൾ ആഘോഷത്തിനുമായാണ് ചിത്രപ്രിയ നാട്ടിലെത്തിയത്. വൈകാതെ തിരിച്ചു പോകാനിരിക്കുകയുമായിരുന്നു. അതിനിടെയാണു കരുതിക്കൂട്ടി എന്നോണം ചിത്രപ്രിയയെ വിളിച്ചുകൊണ്ടു പോകുന്നത്.
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പരസ്പരം അറിയാവുന്നവരാണ് ചിത്രപ്രിയയും അലനും. മുതിർന്നപ്പോൾ ഇത് സൗഹൃദത്തിനു വഴിമാറിയെന്നും പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു എന്നുമാണു ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഇതിനെ തുടർന്ന് വീട്ടിലേക്ക് വരരുതെന്നു ചിത്രപ്രിയയുടെ വീട്ടുകാർ വിലക്കുന്ന സാഹചര്യം വരെയുണ്ടായി. തുടർന്നാണു ചിത്രപ്രിയ ബെംഗളുരുവിലേക്കു പഠിക്കാനായി പോകുന്നത്. നിലവിൽ അലനെ മാത്രമാണ് അറസ്റ്റ് ചെയ്തതെങ്കിലും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ശനിയാഴ്ച രാത്രി കാണാതായ മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ വീടിന് ഒന്നര കിലോമീറ്റർ അകലെ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. സംഭവശേഷം പിടിയിലായ അലനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

















































