കൊച്ചി: പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡായ ഓണക്കൂറിലെ സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായ സിഎസ് ബാബു (59) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്ന് മണിയോടെ കുഴഞ്ഞ് വീണ ബാബുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ വച്ചായിരുന്നു കുഴഞ്ഞ് വീണത്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഴിഞ്ഞം 66-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് ഇന്നലെ വാഹനാപകടത്തിൽ മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഈ വാർഡിലെ തെരഞ്ഞെടുപ്പും മാറ്റിവെച്ചു. ഇതോടെ വിഴിഞ്ഞം വാർഡിലെ 10 ബൂത്തുകളും ഇന്നലെ രാത്രി തന്നെ പൂട്ടി ഉദ്യോഗസ്ഥർ മടങ്ങു.
വാഹനാപകടത്തിൽ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് തിങ്കളാഴ്ച്ച വൈകുന്നേരം 6.50ഓടെയാണ് മരിച്ചത്. ഇതേതുടർന്ന് വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി സബ് കളക്ടർ ഒവി ആൽഫ്രഡ് അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും സബ് കളക്ടർ വ്യക്തമാക്കിയിരുന്നു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്ങാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്നത്. 595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാർഡുകളിലേക്ക് 36,620 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടിങ വൈകീട്ട് ആറ് വരെ നീളും.




















































