തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി ബിജെപി. വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം 200 കള്ളവോട്ട് ചെയ്‌തെന്നു ബിജെപി നേതാക്കൾ ആരോപിച്ചു. തുടർന്ന് വഞ്ചിയൂരിൽ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായി.
അതേസമയം കള്ളവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും പോലീസിനും പരാതി നൽകിയെന്നും ബിജെപി പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സിപിഎമ്മുമായി ഒത്തുകളിക്കുകയാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ ആരോപിച്ചു. കുന്നുകുഴിയിൽ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തിട്ടുണ്ടെന്നും ഇതു തെളിയിക്കുമെന്നും കരമന ജയൻ പറഞ്ഞു.
വോട്ടെടുപ്പ് ദൃശ്യങ്ങൾ വീഡിയോയിൽ ചിത്രീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നതെന്നും എന്നാൽ മൊബൈൽ ഫോണിലാണ് ചിത്രീകരിക്കുന്നതെന്നും കരമന ജയൻ പറഞ്ഞു. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ബാറ്ററി തീർന്നുവെന്നു പറഞ്ഞാണ് മൊബൈൽ ചിത്രീകരണം തുടങ്ങിയത്. ഇതു നിയമവിരുദ്ധമാണ്. ഇതിനെതിരെയും പരാതി നൽകുമെന്ന് കരമന ജയൻ പറഞ്ഞു.
വഞ്ചിയൂരിൽ കഴിഞ്ഞ തവണ 256 വോട്ടിനാണ് ബിജെപി പരാജയപ്പെട്ടത്. അതേസമയം ബിജെപിയുടെ ആരോപണം സിപിഎം നിഷേധിച്ചു. വോട്ട് ചെയ്യാൻ എത്തിയ ട്രാൻസ്‌ജെൻഡർമാരെ ആക്ഷേപിച്ചതാണ് സംഘർഷത്തിനു കാരണമെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.

















































