ഗുവാഹത്തി: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകാൻ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന പ്രസ്താവനയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഭാരതത്തിൽ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണ്. ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിനു വർഷത്തെ സാംസ്കാരിക തുടർച്ചയിൽ വേരൂന്നിയ സ്വത്വമാണെന്നും അദ്ദേഹം ഗുവാഹത്തിയിൽ പറഞ്ഞു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി അസമിൽ എത്തിയതാണ് മോഹൻ ഭാഗവത്. നാളെ അദ്ദേഹം മണിപ്പുരിലേക്ക് തിരിക്കും.
മോഹൻ ഭാഗവതിന്റെ വാക്കുകൾ ഇങ്ങനെ-
‘‘ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്. ഹിന്ദു രാഷ്ട്രമാകാൻ ഇന്ത്യയ്ക്ക് ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല. ആർഎസ്എസ് രൂപീകരിക്കപ്പെട്ടത് ആരെയും എതിർക്കാനോ ഉപദ്രവിക്കാനോ വേണ്ടിയല്ല, മറിച്ച് സ്വഭാവ രൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യയെ ഒരു ആഗോള നേതാവാക്കുന്നതിനു സംഭാവന നൽകാനുമാണ്. വൈവിധ്യങ്ങൾക്കിടയിലും ഭാരതത്തെ ഒന്നിച്ചു നിർത്തുന്ന രീതിശാസ്ത്രത്തെ ആർഎസ്‌എസ് എന്ന് വിളിക്കുന്നു’’.
അതുപോലെ ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. ലചിത് ബോർഫുകനെയും ശ്രീമന്ത ശങ്കർദേവയെയും പോലയുള്ളവർ പ്രാദേശിക തലത്തിൽ മാത്രമല്ല, ദേശീയതലത്തിലും പ്രസക്തിയുണ്ട്. എല്ലാ ഇന്ത്യക്കാർക്കും അവർ പ്രചോദനമാണ്. രാഷ്ട്ര നിർമാണത്തിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കൂട്ടായും നിസ്വാർഥമായും പ്രവർത്തിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.


















































