റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ തെലങ്കാന സ്വദേശിയാണെന്ന് സ്ഥിരീകരണം. ഹൈദരാബാദ് മെഹ്ദിപട്ടണം സ്വദേശിയായ മുഹമ്മദ് യൂസുഫ് (46) ആണ് മരിച്ചത്. ബന്ധുക്കളും എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉവൈസിയും ഇക്കാര്യം സ്ഥിരീകരിച്ചു.
റിയാദിൽ ഐ.ടി പ്രൊഫഷണലായി ജോലി ചെയ്തിരുന്ന യൂസുഫിന്റെ കുടുംബം ഒരാഴ്ച മുമ്പാണ് ഉംറ നിർവഹിക്കുന്നതിനായി സൗദി അറേബ്യയിലെത്തിയത്. ഒക്ടോബർ 10-ന് മദീനയിലേക്ക് യാത്ര തിരിക്കുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിനിടെ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് യൂസുഫിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു മകൻ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമ്പോൾ മറ്റൊരു മകന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നതായി അസദുദ്ദീൻ ഉവൈസി അറിയിച്ചു.
യൂസുഫിന്റെ ഭാര്യയും മകളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന അമ്മായിക്കും പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്.
കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് സന്ദേശം അയച്ചതായി ഉവൈസി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. റിയാദിലുള്ള യൂസുഫിന്റെ ബന്ധുവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ബഷീർ അഹമ്മദ് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോടും ഉവൈസി അഭ്യർത്ഥിച്ചു.






