ഭോപ്പാൽ: മധ്യപ്രദേശിലെ ഖജുരാഹോ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനിൽ തേനീച്ചക്കൂട്ടം കടന്നുകയറിയതിനെത്തുടർന്ന് പരിഭ്രാന്തി. ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ എക്സിക്യൂട്ടീവ് ക്ലാസ് എ-2 കോച്ചിലേക്ക് തേനീച്ചകൾ കൂട്ടത്തോടെ എത്തിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. സംഭവത്തിൽ 12 മുതൽ 14 വരെ യാത്രക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തേനീച്ചകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ചിലർ ശൗചാലയങ്ങളിൽ കയറി വാതിലടച്ചെങ്കിലും അവിടേക്കും തേനീച്ചകൾ പിന്തുടർന്നെത്തിയതോടെ സ്ഥിതി കൂടുതൽ ഭീതിജനകമായി.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഖജുരാഹോയിൽനിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു 22469-ാം നമ്പർ വന്ദേഭാരത് എക്സ്പ്രസ്. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതാണ് തേനീച്ചകൾ കൂട്ടത്തോടെ പുറത്തേക്കെത്താനും യാത്രക്കാരെ ആക്രമിക്കാനും കാരണമായതെന്നാണ് പ്രാഥമിക വിവരം. നിർമാണപ്രവർത്തനങ്ങൾക്കിടെയാണ് തേനീച്ചക്കൂട് ഇളകിയതെന്നാണ് റിപ്പോർട്ടുകൾ.
ട്രെയിനിലെ എക്സിക്യൂട്ടീവ് ക്ലാസ് എ-2 കോച്ചിലും മറ്റ് കോച്ചുകളിലും കയറാനായി യാത്രക്കാർ പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ തേനീച്ചകൾ ആക്രമണം തുടങ്ങിയതോടെ ആളുകൾ രക്ഷപ്പെടാനായി ഓടുകയായിരുന്നു. തേനീച്ചകളിൽനിന്ന് രക്ഷപ്പെടാൻ പലരും ട്രെയിനിനുള്ളിലേക്ക് ഓടിക്കയറി. എന്നാൽ, പിന്നാലെ തേനീച്ചക്കൂട്ടവും കോച്ചിനുള്ളിലേക്ക് കടന്നതോടെ യാത്രക്കാർ കുടുങ്ങിയ അവസ്ഥയായി.
കോച്ചിനുള്ളിൽ തേനീച്ചകൾ കൂട്ടത്തോടെ പറന്നുനടന്നതോടെ യാത്രക്കാർക്ക് എന്തുചെയ്യണമെന്നറിയാത്ത സാഹചര്യമുണ്ടായി. ചിലർ ശൗചാലയങ്ങളിൽ കയറി വാതിലടച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, തേനീച്ചകൾ ശൗചാലയങ്ങൾക്കുള്ളിലേക്കും കടന്നതോടെ ഇവിടെയും സുരക്ഷിതമായി കഴിയാനാകാത്ത സ്ഥിതിയുണ്ടായി.
തേനീച്ചകളുടെ കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു. എന്നിട്ടും നിരവധി പേർക്ക് കുത്തേറ്റു. കണ്ണുകൾക്ക് ചുറ്റും കവിളുകളിലും കഴുത്തിലും മുഖത്തും വീക്കമുണ്ടായതായി യാത്രക്കാർ പറഞ്ഞു.
പ്രായമായ ഒരു സ്ത്രീയുടെ ആരോഗ്യനില മോശമായതായും റിപ്പോർട്ടുകളുണ്ട്. തേനീച്ചകളുടെ ആക്രമണത്തെത്തുടർന്നുണ്ടായ പരിഭ്രാന്തിയിൽ മറ്റ് ചില യാത്രക്കാർക്കും അസ്വസ്ഥത അനുഭവപ്പെട്ടു.
ആക്രമണം നടന്ന സമയത്ത് ട്രെയിൻ പ്ലാറ്റ്ഫോം വിട്ടിരുന്നു. ഇതോടെ ട്രെയിനിനുള്ളിൽ കുടുങ്ങിയ യാത്രക്കാർ ജീവനക്കാരുടെ സഹായം തേടി. എന്നാൽ, തേനീച്ചകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനോ യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകുന്നതിനോ ജീവനക്കാർക്ക് കാര്യമായി സാധിച്ചില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.
ഉത്തർപ്രദേശിലെ ലളിത്പുർ സ്റ്റേഷനിൽ ചില യാത്രക്കാർക്ക് വൈദ്യസഹായം ലഭ്യമാക്കിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ട്രെയിനിന് അവിടെ നിശ്ചയിച്ചിരുന്ന ഹ്രസ്വമായ സമയത്തിനുള്ളിൽ പരിക്കേറ്റ എല്ലാവർക്കും ആവശ്യമായ ചികിത്സ ഉറപ്പാക്കാനായില്ല.
തുടർന്ന് ഞായറാഴ്ച രാത്രി വൈകി ട്രെയിൻ ഝാൻസി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പരിക്കേറ്റവരെ പരിശോധിക്കാൻ ഡോക്ടർമാരുടെ സംഘം എത്തി. പരിക്കേറ്റവർക്ക് ചികിത്സ നൽകി. ഗ്വാളിയോറിലേക്ക് യാത്ര തുടരേണ്ടവർക്കും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി നോർത്ത് സെൻട്രൽ റെയിൽവേയുടെ ഝാൻസി ഡിവിഷൻ വക്താവ് മനോജ് കുമാർ സിങ് വ്യക്തമാക്കി.
“ഖജുരാഹോ സ്റ്റേഷനിൽ തേനീച്ചകൾ യാത്രക്കാരെ ആക്രമിച്ചു. ലളിത്പുർ, ഝാൻസി സ്റ്റേഷനുകളിൽ മെഡിക്കൽ സംഘങ്ങൾ യാത്രക്കാർക്ക് ചികിത്സ നൽകി. സംഭവം എങ്ങനെയാണ് ഉണ്ടായതെന്ന് കണ്ടെത്താൻ അന്വേഷണം ഉത്തരവിട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന തേനീച്ചക്കൂട് എങ്ങനെ ഇളകിയെന്നും തേനീച്ചകൾ കൂട്ടത്തോടെ കോച്ചിനുള്ളിലേക്ക് കടന്ന സാഹചര്യം എന്താണെന്നും അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും സംഭവത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കപ്പെടും.





