ന്യൂഡൽഹി: ദൈവത്തിനായി പിരിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഭൂമിയുടെ അവകാശം ദൈവത്തിനാണെന്ന് സുപ്രീംകോടതി. അത്തരം ഭൂമിയുടെ നടത്തിപ്പും സംരക്ഷണവും ദേവസ്വം ബോർഡിനാണെന്നും കോടതി വ്യക്തമാക്കി. എറണാകുളത്തപ്പൻ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും സംബന്ധിച്ച തർക്കത്തിൽ എറണാകുളം ക്ഷേത്രക്ഷേമ സമിതി സമർപ്പിച്ച പ്രത്യേകാനുമതി ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം.
എറണാകുളത്തപ്പൻ ഗ്രൗണ്ടിന്റെ നിയന്ത്രണം കൊച്ചിൻ ദേവസ്വം ബോർഡിന് മാത്രമായിരിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ക്ഷേത്രക്ഷേമ സമിതിയുടെ അപ്പീൽ. ‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ എന്ന ക്യാംപയിന്റെ ഭാഗമായി ഭക്തരിൽനിന്ന് സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഭൂമിയിൽ തങ്ങൾക്കും അവകാശമുണ്ടെന്നായിരുന്നു സമിതിയുടെ വാദം.
എന്നാൽ ക്ഷേത്രത്തിന്റെ ഉപദേശക സമിതിയായി പ്രവർത്തിക്കുന്ന സ്വകാര്യ സമിതിക്ക് ദൈവത്തിന്റെ പേരിൽ പിരിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തിൽ വ്യക്തിപരമായ ഉടമസ്ഥാവകാശം ഉന്നയിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഈ നിലപാടാണ് സുപ്രീംകോടതിയും ശരിവച്ചത്. 2023ലെ കേരള ഹൈക്കോടതി ഉത്തരവിലും ‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ പദ്ധതിയിലൂടെ ഭക്തരുടെ പണം ഉപയോഗിച്ച് സ്വന്തമാക്കിയ ഭൂമി ദേവസ്വം സ്വത്താണെന്നും കൊച്ചിൻ ദേവസ്വം ബോർഡ് ട്രസ്റ്റി എന്ന നിലയിൽ അത് സംരക്ഷിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ക്ഷേത്രക്ഷേമ സമിതിക്കുവേണ്ടി സീനിയർ അഭിഭാഷകരായ വി. ഗിരി, കെ. പരമേശ്വർ, അഭിഭാഷകൻ അമിത് കൃഷ്ണൻ എന്നിവർ ഹാജരായി. കൊച്ചിൻ ദേവസ്വം ബോർഡിനുവേണ്ടി സീനിയർ അഭിഭാഷകൻ പി.എൻ. രവീന്ദ്രൻ, അഭിഭാഷകൻ പി.എസ്. സുധീർ എന്നിവർ ഹാജരായി.
എറണാകുളത്തപ്പൻ ഗ്രൗണ്ടിന്റെ നടത്തിപ്പിൽ ക്ഷേത്ര ഉപദേശക സമിതിക്ക് അവകാശമില്ലെന്നും ദേവസ്വം ബോർഡിനും ബന്ധപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥർക്കുമാണ് ഗ്രൗണ്ടിന്റെ സംരക്ഷണത്തിനും നടത്തിപ്പിനും ഉത്തരവാദിത്വമെന്നും കേരള ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.




