തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് പണമിടപാട് കേസിൽ തീരുമാനം എടിപിടീന്ന് എടുക്കെണ്ടന്ന സർക്കാർ തീരുമാനത്തിനു പിന്നാലെ അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്ന് നിയമോപദേശം. ഇതോടെ ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഭാര്യ ടി.വീണ എന്നിവർക്കെതിരെ അന്വേഷണം ഉറപ്പായി.
ഇ.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്ന തരത്തിലാണ് അഡ്വക്കറ്റ് ജനറൽ സർക്കാരിനു നിയമോപദേശം കൈമാറിയിരിക്കുന്നതെന്നാണു പുറത്തു വരുന്ന വിവരം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താം. അതേസമയം വിജിലൻസ് അന്വേഷണത്തിനാണു സാധ്യതയെങ്കിലും ഗൗരവമേറിയതെന്നു സർക്കാർ വിലയിരുത്തുന്ന വിഷയത്തിൽ ക്രൈം ബ്രാഞ്ചോ, സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമോ (എസ്ഐടി) വരാനുള്ള സാധ്യതയും തെളിയുന്നുണ്ട്. സിഎംആർഎൽ – എക്സാലോജിക് ഇടപാടിനു പുറമേ കോടികളുടെ സാമ്പത്തിക ഇടപാടു വിവരങ്ങളും ഇ.ഡി. റിപ്പോർട്ടിലുണ്ട്. ഇക്കാര്യവും അന്വേഷണവിധേയമാകുമെന്നാണ് പ്രാഥമിക വിവരം.
അതേസമയം വീണയ്ക്കും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിനുമായി സിഎംആർഎൽ കമ്പനി 3.28 കോടി രൂപ നൽകിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന് കത്തിൽ ഇ.ഡി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഇ.ഡിയുടെ കണ്ടെത്തലായി മുൻപ് വന്നതാണെങ്കിൽ, റിയാസുമായി ബന്ധപ്പെടുത്തിയുള്ള ഹവാല ഇടപാട് ആരോപണം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. റിയാസ് വഴിയെത്തിയ പണം ഹവാലയിലൂടെ ദുബായിലേക്ക് അയച്ചതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നൽകിയ മൊഴി കത്തിൽ ഇഡി ചേർത്തിരുന്നു. ഈ ഇടപാടുകൾ ശരിവയ്ക്കും വിധം വീണയുടേതെന്ന പേരിലുള്ള ഡയറിക്കുറിപ്പുകളും ഇഡി റെയ്ഡിൽ കണ്ടെത്തി. പിന്നാലെ പിണറായിക്കും റിയാസിനുമെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ശുപാർശയോടെയാണു ഇ.ഡി. കത്ത് നൽകിയത്.




