തിരുവനന്തപുരം: നഗരകേന്ദ്രത്തിൽനിന്ന് തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം സ്വാഗതം ചെയ്ത് ശാസ്തമംഗലം വാർഡ് കൗൺസിലർ കെ.എസ്. ശബരീനാഥൻ. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയായി ഇത് മാറുമെന്നും സാമ്പത്തിക ബാധ്യത വലിയ തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മുന്നോട്ടുവെച്ചത് ഒരു ആശയം മാത്രമാണെന്നും വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂവെന്നും ശബരീനാഥൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന സർക്കാർ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി മൃഗശാല നഗരകേന്ദ്രത്തിൽനിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള നിർദേശം മുന്നോട്ടുവെച്ചത്. ഒരു ആശയം എന്ന നിലയിൽ ഇത് നല്ലതായാണ് തനിക്ക് തോന്നുന്നതെന്ന് ശബരീനാഥൻ പറഞ്ഞു.
തിരുവനന്തപുരം മൃഗശാലയ്ക്കും നേപ്പിയർ മ്യൂസിയത്തിനും 150 വർഷത്തിലേറെ പഴക്കമുണ്ട്. എന്നാൽ നിലവിലെ മൃഗശാലയ്ക്ക് സ്ഥലപരിമിതിയുണ്ട്. നിശാഗന്ധിക്ക് സമീപമായതിനാൽ വലിയ ശബ്ദത്തിലുള്ള പരിപാടികൾ നടക്കുന്നതും മൃഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണ്. മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥയോട് ചേർന്ന് കഴിയാൻ സാധിക്കുന്ന തരത്തിലുള്ള ആധുനിക സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടൂരിലെ ആനപരിപാലന കേന്ദ്രം ഇതിനുള്ള മാതൃകയാണെന്നും ശബരീനാഥൻ ചൂണ്ടിക്കാട്ടി. അരുവിക്കര എംഎൽഎയായിരുന്ന കാലത്ത് നടന്ന പദ്ധതിയാണ് കോട്ടൂരിലേത്. വനത്തോട് ചേർന്ന സ്വാഭാവിക ആവാസവ്യവസ്ഥയിലാണ് ഇപ്പോൾ അവിടെ ആനകൾ കഴിയുന്നത്. പഴയ ഡിയർ പാർക്കും ലയൺ സഫാരി പാർക്കും ഉൾപ്പെടുന്ന മേഖലയിൽ, അല്ലെങ്കിൽ പൊൻമുടി റൂട്ടിൽ അനുയോജ്യമായ മറ്റൊരു സ്ഥലത്ത് ഏകദേശം 300 ഏക്കറിൽ ആധുനിക മൃഗശാല ഒരുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ ചെമ്പുക്കാവിലുണ്ടായിരുന്ന മൃഗശാല പുത്തൂരിലേക്ക് മാറ്റിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഏകദേശം 300 ഏക്കറിലാണ് അവിടെ പുതിയ സംവിധാനം ഒരുക്കിയത്. അതുപോലെ തിരുവനന്തപുരം മൃഗശാലയും മാറ്റിയാൽ നിലവിലെ സ്ഥലം വലിയൊരു പച്ചത്തുരുത്തായി നിലനിർത്താനാകുമെന്ന് ശബരീനാഥൻ പറഞ്ഞു.
ലണ്ടനിലെ ഹൈഡ് പാർക്ക്, ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് എന്നിവയുടെ മാതൃകയിൽ കുടുംബങ്ങൾക്ക് എത്താനും കുട്ടികൾക്ക് കളിക്കാനും സൈക്ലിങ്ങിനും വായനയ്ക്കും വിശ്രമത്തിനുമുള്ള സൗകര്യങ്ങളുള്ള വിശാലമായ ഓപ്പൺ സ്പേസ് ഇവിടെ ഒരുക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നഗരത്തിൽ ഇത്തരം തുറന്ന ഇടങ്ങളുടെ കുറവുണ്ടെന്നും ശബരീനാഥൻ പറഞ്ഞു.
മൃഗശാല മാറ്റുന്നതിനെ സാമ്പത്തിക ചെലവിന്റെ പേരിൽ മാത്രം എതിർക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മൃഗശാല മാറ്റുന്നത് ഉടൻ നടപ്പാക്കുന്ന പദ്ധതിയല്ല. വിവിധ ഘട്ടങ്ങളിലുള്ള അനുമതികൾ ആവശ്യമാണ്. വന്യജീവി, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ അനുമതികൾ ലഭിച്ചാൽ മാത്രമേ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകൂ. അതിനാൽ ഇത് ദീർഘകാല പദ്ധതിയായി പരിഗണിക്കണമെന്നും ശബരീനാഥൻ വ്യക്തമാക്കി.
കോട്ടൂർ ആനപരിപാലന കേന്ദ്രം, ഡിയർ പാർക്ക്, സഫാരി പാർക്ക് എന്നിവ ഉൾപ്പെടുന്ന മേഖലയിൽ പുതിയ മൃഗശാല സംവിധാനം ഒരുക്കിയാൽ ആ പ്രദേശത്തെ ടൂറിസത്തിനും ഉണർവുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പദ്ധതികൾക്കായി വിവിധ ഫണ്ടിങ് സ്രോതസ്സുകളും കേന്ദ്ര പദ്ധതികളും പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൃഗശാല മാറ്റുന്നതിനെതിരെ വി.കെ. പ്രശാന്ത് ഉൾപ്പെടെയുള്ളവർ ഉയർത്തുന്ന വിമർശനങ്ങളെയും ശബരീനാഥൻ പരാമർശിച്ചു. വിഷയം പൂർണമായി മനസ്സിലാക്കാതെ എതിർപ്പ് ഉയർത്തുന്നതിന് പകരം ആശയം ചർച്ച ചെയ്യണമെന്നും എല്ലാ അഭിപ്രായങ്ങളും കേട്ടശേഷം പോസിറ്റീവായ പരിഹാരത്തിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ മൃഗശാല മാറ്റാൻ കഴിയുമെങ്കിൽ തിരുവനന്തപുരത്ത് അത് സാധ്യമല്ലെന്ന നിലപാട് നഗരത്തിന്റെ ഭാവിയെക്കുറിച്ചുള്ള സങ്കുചിത സമീപനമാണെന്നും ശബരീനാഥൻ പറഞ്ഞു. തിരുവനന്തപുരം മേയർ വി.വി. രാജേഷ് വിഷയത്തിൽ പോസിറ്റീവായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ മൃഗശാലയുടെ പരിമിതികൾ അവിടെ എത്തുന്നവർക്ക് അറിയാമെന്നും പഴയതുപോലെ മൃഗങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യം നിലവിലില്ലെന്നും ശബരീനാഥൻ പറഞ്ഞു. അതിനാൽ മുഖ്യമന്ത്രി മുന്നോട്ടുവെച്ച ആശയം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോൾ വിഷയം വിശദമായ പദ്ധതിയുടെ ഘട്ടത്തിലെത്തിയിട്ടില്ല. മുഖ്യമന്ത്രി ഒരു ആശയം മുന്നോട്ടുവെച്ചിരിക്കുകയാണ്. ജനങ്ങൾ വിഷയം ചർച്ച ചെയ്യട്ടെ. വിവിധ അഭിപ്രായങ്ങൾ ഉയർന്നുവരട്ടെ. തുടർന്ന് പദ്ധതി എങ്ങനെയാകണമെന്ന് പരിശോധിച്ച് മുന്നോട്ടുപോകാമെന്നും കെ.എസ്. ശബരീനാഥൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.




