കൊച്ചി: കഴിഞ്ഞ ദിവസം വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് നിയമവിരുദ്ധമായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. കൗസർ എടപ്പഗത്ത് ആണ് ഹർജി പരിഗണിച്ചത്. അതേസമയം വിധിപ്പകർപ്പ് പുറത്തുവന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ.
ബുധനാഴ്ച വൈകിട്ടാണ് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ വീട്ടിൽനിന്ന് 43.850 ലീറ്റർ വിദേശനിർമിത മദ്യവും വൈനും വ്യാജമദ്യവും ഉൾപ്പെടെ 67 ലിറ്ററിലധികം മദ്യം എക്സൈസ് സംഘം കണ്ടെടുത്തത്. തുടർന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്യുകയും ഇന്നലെ രാവിലെ എറണാകുളത്തുനിന്ന് ആന്റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നാലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെയാണ് മജിസ്ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. അതു തള്ളിയതിനു തൊട്ടുപിന്നാലെ ഹൈക്കോടതിയിലേക്ക് സമീപിക്കുകയായിരുന്നു.
അതേസമയം മദ്യം കണ്ടെടുത്ത വീടുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നാണ് ജാമ്യാപേക്ഷയിൽ ആന്റോ പ്രധാനമായും വാദിക്കുന്നത്. 2022 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർഫാസി നിയമപ്രകാരം ലേലം ചെയ്ത വസ്തുവാണിതെന്നും 2 കോടി രൂപയ്ക്ക് ലില്ലി ജോസ് എന്ന വ്യക്തിക്കാണ് ലേലത്തിൽ ഇതു ലഭിച്ചതെന്നും ഹർജിക്കാരൻ പറയുന്നു. കൂടാതെ കഴിഞ്ഞ നാല് വർഷമായി ഈ വസ്തുവിന്റെ ഉടമസ്ഥതയോ കൈവശാവകാശമോ തനിക്കില്ലെന്നും ഹർജിയിൽ പറയുന്നു.
മാത്രമല്ല റെയ്ഡ് നടന്ന സമയത്തു താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും മദ്യം വിൽപന നടത്തി എന്നതിനോ അതിനായി സൂക്ഷിച്ചതാണെന്നതിനോ തെളിവുകളില്ലെന്നും ഹർജിക്കാരൻ വാദിക്കുന്നു. പിടിച്ചെടുത്തത് പ്രമുഖ ബ്രാൻഡുകളുടെ വിദേശമദ്യമായതിനാൽ അനുവദനീയമായ അളവിൽ കൂടുതൽ സൂക്ഷിച്ചു എന്നതു ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണെന്നും ഹർജിയിൽ പറയുന്നു.
റെയ്ഡ് വേളയിലും അറസ്റ്റ് സമയത്തും ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയായതിനാലും തെളിവുകൾ എക്സൈസ് കസ്റ്റഡിയിലുള്ളതിനാലും തുടർന്നുള്ള കസ്റ്റഡി അനാവശ്യമാണെന്നും ഹർജിയിൽ പറയുന്നു. കോടതി നിർദേശിക്കുന്ന ഏത് ഉപാധികളും പാലിക്കാൻ തയാറാണെന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു.





