അഹമ്മദാബാദ്: 17കാരിയായ മകന്റെ കാമുകിയെ മാനസികമായി പീഡിപ്പിക്കുകയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തെന്നാരോപിച്ച് യുവാവിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ മകനെ യഥാർഥത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ തൂങ്ങിമരിക്കണമെന്നും, വീട്ടിൽ ആരുമില്ലാത്തപ്പോൾ ആത്മഹത്യ ചെയ്യണമെന്നും യുവതി പെൺകുട്ടിയോട് പറഞ്ഞതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഹമ്മദാബാദിലെ സർഖേജ് മേഖലയിലാണ് കേസിനാസ്പദമായ സംഭവം. ഓഗസ്റ്റ് 31നാണ് 12-ാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി വീട്ടിൽ ആത്മഹത്യ ചെയ്തത്. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകനുമായി പ്രണയബന്ധത്തിലായിരുന്ന പെൺകുട്ടി മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിപ്രകാരം, പെൺകുട്ടിയും ആൺകുട്ടിയും സഹപാഠികളായിരുന്നു. ഇരുവരും പ്രണയബന്ധത്തിലായിരുന്നുവെന്നും ഫോൺ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും നിരന്തരം ആശയവിനിമയം നടത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു. മൂന്നു നാല് മാസം മുമ്പാണ് കുട്ടികൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇരുവരുടെയും മാതാപിതാക്കൾ അറിഞ്ഞത്. ഇരുവരും പ്രായപൂർത്തിയാകാത്തവരായതിനാൽ ആൺകുട്ടിയുടെ വീട്ടിലെത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾ പഠനത്തിലും ഭാവി കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇരുവരോടും ഉപദേശിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും കുട്ടികൾ തമ്മിലുള്ള ബന്ധവും ആശയവിനിമയവും തുടർന്നു.
തുടർന്ന് ഇരുവരെയും സ്കൂൾ വളപ്പിൽ ഒരുമിച്ച് ഇരിക്കുന്നതായി കണ്ടെത്തിയതോടെ വിഷയം വീണ്ടും ശ്രദ്ധയിൽപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി സംഭവത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. ഇതോടെ ആൺകുട്ടിയുടെ അമ്മ പ്രകോപിതയായെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് അവർ പെൺകുട്ടിയുടെ വീട്ടിലെത്തുകയും കുട്ടിയെ ഏകദേശം 30 മിനിറ്റോളം ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
“നിനക്ക് അവനെ ശരിക്കും സ്നേഹമുണ്ടെങ്കിൽ തൂങ്ങിമരിക്കൂ”, “വീട്ടിൽ ആരുമില്ലാത്തപ്പോൾ തൂങ്ങിമരിക്കൂ” തുടങ്ങിയ വാക്കുകൾ യുവതി പെൺകുട്ടിയോട് പറഞ്ഞതായാണ് പിതാവിന്റെ പരാതിയിൽ പറയുന്നത്. “നിന്റെ മാതാപിതാക്കളെ ഞാൻ നോക്കിക്കോളാം” എന്നും അവർ പറഞ്ഞതായി പരാതിയിലുണ്ട്.
ഈ സംഭവത്തിന് പിന്നാലെ പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും തുടർന്ന് വീട്ടിൽ ആത്മഹത്യ ചെയ്തെന്നുമാണ് കുടുംബം പോലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ കുടുംബം പോലീസിനെ സമീപിക്കുകയും ആരോപണവിധേയയായ സ്ത്രീയും പെൺകുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡിങ് കൈമാറുകയും ചെയ്തു. യുവതി പെൺകുട്ടിയുടെ വീട്ടിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കുടുംബം പോലീസിന് നൽകി.
ഓഡിയോ റെക്കോർഡിങ്, സിസിടിവി ദൃശ്യങ്ങൾ എന്നിവയ്ക്കുപുറമെ മറ്റ് തെളിവുകളും സർഖേജ് പോലീസ് പരിശോധിച്ചു. തുടർന്ന് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുവതിയെ അറസ്റ്റ് ചെയ്തു.





