തൊടുപുഴ: മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുന്നതിനിടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. ഒരാളെ കാണാതായി. ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് മരണം റിപ്പോർട്ട് ചെയ്തത്.
പത്തനംതിട്ട, കോട്ടയം ജില്ലകളുടെ കിഴക്കൻ മേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ മേഖലകളിൽ പ്രധാന റോഡുകളിലടക്കം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
ഇടുക്കിയിലും വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു സ്ത്രീ മരിച്ചു. മഷിക്കല്ലേൽ രവി നാരായണന്റെ ഭാര്യ സുമതിയാണ് മരിച്ചത്. ഇവരുടെ മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി.
Related Post
പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫാണ് മരിച്ച രണ്ടാമത്തെയാൾ. മണ്ണിനടിയിൽനിന്നാണ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ റെജീനയെ കാണാതായിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടാകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നതായാണ് വിവരം.
വണ്ടിപ്പെരിയാർ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി. മൂന്ന് ജില്ലകളിലുമായി പലയിടത്തും ഗതാഗതം സ്തംഭിച്ചു. കൊട്ടാരക്കര–ദിണ്ടിഗൽ ദേശീയപാതയിലും മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
വെള്ളിയാഴ്ച വൈകിട്ട് മുതൽ മലയോര മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

















































