കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെളിച്ചെണ്ണ കുപ്പിയിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പൊലീസ് പിടികൂടി. വയനാട് മേപ്പാടി സ്വദേശിനി അശ്വതിയെയാണ് മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രസവ വാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായാണ് അശ്വതി ആശുപത്രിയിലെത്തിയത്. യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ആശുപത്രി ജീവനക്കാരും മറ്റുള്ളവരും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പരിശോധനയിൽ വെളിച്ചെണ്ണ കുപ്പിയിൽ ഒളിപ്പിച്ച നിലയിൽ 28 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തി. പിടിച്ചെടുത്ത ലഹരിവസ്തു പൊലീസ് കസ്റ്റഡിയിലെടുത്തു.
ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ലഹരി കൊണ്ടുവന്നതെന്നാണ് യുവതി പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള തടവുകാരുടെ കൈവശം ഇത് എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവത്തിൽ കേസെടുത്ത പൊലീസ് ലഹരി എത്തിക്കാനുണ്ടായിരുന്ന ലക്ഷ്യവും ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.















































