വടകര: ലഹരി മാഫിയയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന അധ്യാപിക പൊലീസ് പിടിയില്‍. കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടിൽ കാവ്യയെയാണ് (28) വടകര സി.ഐ എ.വി. ദിനേശ് അറസ്റ്റ് ചെയ്തത്. ആവശ്യക്കാർക്ക് സംഘങ്ങൾ ലഹരി മരുന്നുകൾ എത്തിച്ച ശേഷം സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് കാവ്യയുമായി ബന്ധപ്പെട്ടായിരുന്നു.
കാവ്യയുടെ ബാങ്ക് അക്കൗണ്ട് മുഖാന്തിരമാണ് പണമിടപാട് നടത്തിയിരുന്നത്. നേരത്തെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് മരുതോങ്കര സ്വദേശിനിയായ അധ്യാപിക കാഞ്ഞിരകുന്നുമ്മല്‍ കെ.സി കീര്‍ത്തനയെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യ വലയിലായത്.
പേരാമ്പ്ര ബി.ആർ.സിയിൽ താത്കാലിക പി.ഇ.ടി അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു കീർത്തന. കാവ്യയും താത്കാലിക അധ്യാപികയാണ്. കാവ്യയുടെ അക്കൗണ്ട് മുഖാന്തിരം ലക്ഷങ്ങളുടെ ഇടപാടാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം വടകര ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിൽ നടത്തിയ തുടർച്ചയായ അന്വേഷണമാണ് കാവ്യയിലേക്ക് എത്തിയത്.


















































