ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധങ്ങൾ കഴിഞ്ഞ ഒരാഴ്ചക്കിടെ മോദി സർക്കാരിന് ചില്ലറ തലവേദനയൊന്നുമല്ല ഉയർത്തിയത്. ധർമേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വിദ്യാർഥികൾ മുറവിളികൂട്ടുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടാകുമെന്ന സിജെപി നേതാവ് അഭിജിത് ദിപ്‌കെ മുന്നറിയിപ്പ് നൽകിയത് വെള്ളിയാഴ്ചയായിരുന്നു. ഇതോടെ രാജ്യത്തെ കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവിയേക്കാൾ വലുതല്ല പരാജയപ്പെട്ട ഒരു മന്ത്രിയെന്നും, അയാളെ സംരക്ഷിക്കുന്നത് സർക്കാരിനുതന്നെ വൻ തിരിച്ചടിയാകുമെന്നും പ്രതിഷേധക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സിജെപിയുടെ നിശ്ചയദാർഢ്യത്തിനു കീഴിൽ യുവതി-യുവാക്കൾ ഒന്നടങ്കം തെരുവിലിറങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടുതുടങ്ങിയെന്ന് ബിജെപിക്ക് ബോധ്യമായി.
രാജ്യമെമ്പാടുമുള്ള യുവാക്കൾ തെരുവിലിറങ്ങി രാജ്യത്തെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന ഒരു സാഹചര്യം ഒഴിവാക്കാൻ ധർമേന്ദ്ര പ്രധാനെ പുറത്താക്കുകയല്ലാതെ മോദിക്ക് മറ്റ് വഴികളില്ലെന്ന് സിജെപി നേതാക്കൾ വാദിച്ചു. പ്രധാനമന്ത്രി സ്വന്തം സ്ഥാനത്തിന് ഭീഷണിയാകാതിരിക്കാൻ എത്രയും വേഗം വിദ്യാഭ്യാസ മന്ത്രിയെ നീക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ധർമേന്ദ്ര പ്രധാൻ സ്ഥാനത്ത് തുടരുന്നത് നരേന്ദ്ര മോദിയുടെ കസേരയ്ക്ക് തന്നെ ചോദ്യചിഹ്നമായി മാറുമെന്നും സിജെപി മുന്നറിയിപ്പ് നൽകിയിരുന്നു.
അതുപോലെ വരും നാളുകളിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഈ പ്രതിഷേധം വലിയ സ്വാധീനം ചെലുത്തുമെന്ന് സിജെപി ചൂണ്ടിക്കാട്ടി. ഒരു പരാജയപ്പെട്ട മന്ത്രിക്ക് വേണ്ടി വിദ്യാർഥികളെ പിണക്കിയാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ യുവാക്കൾ സർക്കാരിന് വോട്ട് ചെയ്യില്ലെന്ന മുന്നറിയിപ്പ് ഗൗരവകരമായിരുന്നു. കോടിക്കണക്കിന് വിദ്യാർഥികളുടെ താൽപ്പര്യത്തേക്കാൾ ഒരു മന്ത്രിക്ക് മുൻഗണന നൽകുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് കണ്ടാണ് ഒടുവിൽ രാജി എന്ന തീരുമാനത്തിലേക്ക് പ്രധാനമന്ത്രി എത്തിയതെന്നാണ് ഇത്രയും കടുംപിടിത്തത്തിനു ശേഷമുള്ള തീരുമാനത്തിൽ നിന്ന് വ്യക്തമാകുന്നത്.
ധർമേന്ദ്ര പ്രധാന്റെ രാജി എന്നത് വളരെ എളുപ്പം സ്വീകരിക്കാവുന്ന തീരുമാനമാണെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. പക്ഷെ പ്രതിഷേധം ശക്തിപ്പെടുമ്പോഴും മന്ത്രിയുടെ രാജി ആവശ്യപ്പെടാനായി പ്രധാനമന്ത്രി തയ്യാറായില്ല. എന്നാൽ കാര്യങ്ങൾ അതിലേക്ക് എത്തുന്നുവെന്ന സൂചനയായിരുന്നു കഴിഞ്ഞ ദിവസത്തെ കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും തമ്മിലുള്ള ചർച്ചകളിലൂടെ പ്രകടമായിരുന്നു. സിജെപി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിലും അപ്പോൾ തന്നെ അംഗീകരിച്ച കേന്ദ്രമന്ത്രിമാർ വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കാര്യം ചർച്ച ചെയ്യുമെന്ന സൂചനയും നൽകിയിരുന്നു. എന്നാൽ ഇന്ന് ചർച്ച നടക്കുന്നതിന് തൊട്ടുമുൻപ് മന്ത്രി രാജിവെച്ചൊഴിയുകയും ചെയ്തു.


















































