മുംബൈ: സ്കൂൾ ബസിന് മുകളിലേക്ക് വൻമരം കടപുഴകി വീണ് 11 വയസുകാരനായ വിദ്യാർത്ഥി മരിച്ചു. മഹാരാഷ്ട്രയിലെ ചെമ്പൂരിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ യൂണിവേഴ്സൽ സ്കൂളിലെ വിദ്യാർത്ഥിയായ വിഹാൻ ശ്രീവാസ്തവിനാണ് ജീവൻ നഷ്ടമായത്. സ്കൂൾ കഴിഞ്ഞ് കുട്ടികളുമായി മടങ്ങുകയായിരുന്ന ബസിന് മുകളിലേക്കാണ് മരം വീണത്. അപകടത്തിൽ മറ്റ് നാല് വിദ്യാർത്ഥികൾക്കും പരിക്കേറ്റു.
മകന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകാതെ വിഹാന്റെ അമ്മ ജൂഹി ഇപ്പോഴും മകന്റെ ക്രിക്കറ്റ് ബാറ്റ് ചേർത്തുപിടിച്ചിരിക്കുകയാണ്. സ്കൂൾ വിട്ടെത്തി പതിവുപോലെ കളിക്കാനായി മകൻ ഓടിയെത്തുമെന്ന പ്രതീക്ഷ ഇപ്പോഴും അവരെ വിട്ടുമാറിയിട്ടില്ല. മകന്റെ ബാറ്റ് മടിയിൽ വെച്ച് നിശബ്ദമായി ഇരിക്കുന്ന അമ്മയുടെ ദൃശ്യം പ്രദേശവാസികളുടെയും ബന്ധുക്കളുടെയും കണ്ണുനിറച്ചു.
പ്രൊഫഷണൽ ക്രിക്കറ്റ് താരമാകുക എന്നതായിരുന്നു വിഹാന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് അയൽവാസിയായ രാജി മൽഹോത്ര പറഞ്ഞു. പഠനത്തിലും പെരുമാറ്റത്തിലും മികവ് പുലർത്തിയിരുന്ന കുട്ടിയായിരുന്നു വിഹാനെന്നും അവർ കൂട്ടിച്ചേർത്തു.
അപകടസമയത്ത് ബസിൽ 13 കുട്ടികളാണ് ഉണ്ടായിരുന്നത്. മരം വീണ ഉടൻ തന്നെ ബസ് കണ്ടക്ടറും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികളെ ഉടൻ സമീപത്തെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ വിഹാന്റെ ജീവൻ രക്ഷിക്കാനായില്ല.















































